മുംബൈ: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിനുനേരെ അനധികൃത പണമിടപാടുകേസുമായി ബന്ധപ്പെട്ട് നാഗ്പുരിൽ ആറിടത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് നടത്തി. അതിനിടെ ദേശ്‌മുഖിനുനേരെ സി.ബി.ഐ. തയ്യാറാക്കിയ എഫ്.ഐ.ആർ. മുൻ മുംബൈ പോലീസ് കമ്മിഷണർ പരംബീർ സിങ് നൽകിയ പരാതിയുടെ ആവർത്തനം മാത്രമാണെന്ന് മഹാരാഷ്ട്ര സർക്കാർ ബോംബെ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

നാഗ്പുരിലെ ഒരു വ്യാപാരിയുമായും രണ്ട് ചാർട്ടേഡ് അക്കൗണ്ടന്റുമാരുമായും ബന്ധമുള്ള സ്ഥാപനങ്ങളിലാണ് കഴിഞ്ഞദിവസം റെയ്ഡ് നടത്തിയതെന്ന് ഇ.ഡി. വൃത്തങ്ങൾ അറിയിച്ചു. ദേശ്‌മുഖിന്റെ കുടുംബത്തിന്റെ ചില സംരഭങ്ങളിലേക്ക് ഈ വ്യാപാരി സംശയാസ്പദമായ രീതിയിൽ പണം കൈമാറിയതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. രണ്ട് ചാർട്ടേഡ് അക്കൗണ്ടന്റുമാർ വഴിയാണ് ഇടപാട് നടന്നത്. അതേക്കുറിച്ചുള്ള വിവരങ്ങൾ തേടിയാണ് റെയ്ഡ് നടത്തിയതെന്നും രേഖകൾ പരിശോധിച്ചുവരികയാണെന്നും ഇ.ഡി. വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞമാസം നാഗ്പുരിൽ പന്ത്രണ്ടിടത്ത് സമാനമായ റെയ്ഡ് നടന്നിരുന്നു.

മുംബൈ നഗരത്തിലെ ബാറുകളിൽനിന്നും റെസ്റ്റോറന്റുകളിൽനിന്നും എല്ലാ മാസവും 100 കോടിരൂപ പിരിച്ചുനൽകണമെന്ന് മന്ത്രിയായിരിക്കേ അനിൽ ദേശ്‌മുഖ് പോലീസുകാരോട് നിർദ്ദേശിച്ചിരുന്നെന്ന മുൻ മുംബൈ പോലീസ് കമ്മിഷണർ പരംബീർ സിങ്ങിന്റെ ആരോപണത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണം നടക്കുന്നുണ്ട്. സി.ബി.ഐ. രജിസ്റ്റർചെയ്ത പ്രഥമ വിവര റിപ്പോർട്ടിലെ (എഫ്.ഐ.ആർ.) വിവരങ്ങളനുസരിച്ചാണ് ദേശ്‌മുഖ് നടത്തിയതായി പറയുന്ന അഴിമതിയുടെ സാമ്പത്തികവശം അന്വേഷിക്കുന്ന ഇ.ഡി. കേസ് റിപ്പോർട്ട് രജിസ്റ്റർ ചെയ്തത്. ഇതിന്റെ തുടർച്ചയാണ് റെയ്ഡ്.

സി.ബി.ഐ. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖും ഈ കേസിലെ എഫ്.ഐ.ആറിനെ ചോദ്യംചെയ്ത് മഹാരാഷ്ട്രസർക്കാരും നൽകിയ ഹർജികൾ മുംബൈ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ദേശ്‌മുഖിന്റെപേരിലുള്ള എഫ്.ഐ.ആറിലെ ചില ഭാഗങ്ങൾ മഹാരാഷ്ട്ര സർക്കാരിന്റെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നും അവ റദ്ദാക്കണമെന്നുമാണ് സംസ്ഥാനസർക്കാരിന്റെ ഹർജിയിലെ ആവശ്യം. സിങ്ങിന്റെപേരിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ മുംബൈ പോലീസ് കമ്മിഷണർ പരംബീർസിങ് നൽകിയ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുക മാത്രമാണ് സി.ബി.ഐ. ചെയ്തിരിക്കുന്നതെന്ന് സംസ്ഥാനസർക്കാരിന്റെ അഭിഭാഷകൻ റഫീഖ് ദാദ വെള്ളിയാഴ്ച ഹൈക്കോടതിയിൽ ചൂണ്ടിക്കാണിച്ചു.

ദേശ്‌മുഖിനെതിരായ അന്വേഷണത്തിന്റെ മറവിൽ സംസ്ഥാനസർക്കാരിനെതിരേ അന്വേഷണം നടത്താനാണ് സി.ബി.ഐ. ശ്രമിക്കുന്നതെന്ന് സംസ്ഥാനസർക്കാർ നൽകിയ ഹർജിയിൽ പറയുന്നു.