ബെംഗളൂരു: കർണാടകത്തിൽ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ബി.എസ്. യെദ്യൂരപ്പയെ മാറ്റാൻ പാർട്ടി ദേശീയനേതൃത്വം തീരുമാനമെടുത്തെന്ന വെളിപ്പെടുത്തലുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ നളിൻകുമാർ കട്ടീലിന്റെ ഫോൺസംഭാഷണം.

മുഖ്യമന്ത്രിസ്ഥാനത്ത് തുടരാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടെന്ന് യെദ്യൂരപ്പ വ്യക്തമാക്കിയതിനു പിന്നാലെയാണ് കട്ടീലിന്റേതെന്ന് കരുതുന്ന സംഭാഷണം പുറത്തുവന്നത്. അദ്ദേഹത്തിന്റെ മാതൃഭാഷയായ തുളുവിലാണ് സംഭാഷണം. എന്നാൽ, ഫോൺ സംഭാഷണം വ്യാജമാണെന്നും ഇതിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നളിൻകുമാർ കട്ടീൽ പറഞ്ഞു. അതിനിടെ, സ്വയം ഒഴിയുന്നതുവരെ കാത്തിരിക്കാതെ യെദ്യൂരപ്പയെ മാറ്റുന്നതിന് കേന്ദ്രനേതൃത്വം നീക്കം നടത്തുന്നതായും സൂചനയുണ്ട്.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാൻ മൂന്നുപേരുടെ പട്ടിക ദേശീയനേതൃത്വം തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിൽ ആരുവേണമെങ്കിലും മുഖ്യമന്ത്രിയാകാമെന്നും പറയുന്നു. സംസ്ഥാനത്ത് പ്രവർത്തിക്കുന്നവർക്ക് അവസരമുണ്ടാകില്ലെന്നും മുഖ്യമന്ത്രിയെ കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും ഫോൺ സംഭാഷണത്തിലുണ്ട്. മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമെന്ന സൂചനയും നൽകുന്നു. മന്ത്രിമാരായ കെ.എസ്. ഈശ്വരപ്പയും ജഗദീഷ് ഷെട്ടാറും അവരോടൊപ്പമുള്ളവരും പുറത്താകുമെന്നും പറയുന്നു.

അടുപ്പമുള്ളവരുമായി നടത്തുന്ന രഹസ്യസംഭാഷണം സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. എന്നാൽ, പാർട്ടിയെ തകർക്കാനുള്ള ശ്രമമാണിതെന്ന് നളിൻ കുമാർ കട്ടീൽ പറഞ്ഞു. സംഭാഷണം വ്യാജമാണെന്നും ഇതു പുറത്തുവിട്ടവർക്കെതിരേ അന്വേഷണം നടത്തുമെന്നും ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എൻ. രവികുമാർ പറഞ്ഞു. സർക്കാരിന്റെ രണ്ടാം വാർഷികദിനമായ ജൂലായ് 26-നു ശേഷം സംസ്ഥാനത്ത് നേതൃമാറ്റമുണ്ടാകുമെന്നാണ് പാർട്ടിനേതാക്കളിൽനിന്നുള്ള വിവരം.