ന്യൂഡൽഹി: ആശുപത്രികൾ അടുത്തവർഷം ജൂൺ വരെ അഗ്നിസുരക്ഷാ ചട്ടങ്ങൾ പാലിക്കേണ്ടതില്ലെന്ന ഗുജറാത്ത് സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. സുപ്രീംകോടതിയുടെ ഉത്തരവിനെ വിജ്ഞാപനംകൊണ്ട് മറികടക്കാൻ ശ്രമിക്കരുതെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ആശുപത്രികൾ ചട്ടം പാലിക്കേണ്ടെന്നും ജനങ്ങൾ തീയിൽ മരിച്ചുകൊള്ളട്ടെ എന്നുമാണോ പറയുന്നതെന്ന് കോടതി ചോദിച്ചു. ആശുപത്രികൾ വലിയ വ്യവസായമായി മാറിക്കഴിഞ്ഞു. റിയൽ എസ്റ്റേറ്റ് വ്യവസായം പോലെയാണ് അവയിൽ പലതും. ജനങ്ങളുടെ ജീവൻ കൊടുത്തുകൊണ്ട് അവയെ വളരാൻ അനുവദിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന ആശുപത്രികളിൽ തീപ്പിടിത്തവും ആളപായവുമുണ്ടായ സംഭവത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസാണ് സുപ്രീംകോടതി പരിഗണിച്ചത്. അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ആശുപത്രികളെ സർക്കാർ സംരക്ഷിക്കുന്നതായ സന്ദേശം ഉണ്ടാകരുതെന്ന് കോടതി പറഞ്ഞു. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.

ആശുപത്രികളിൽ സുരക്ഷാ ഓഡിറ്റ് നടത്തി റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി കഴിഞ്ഞവർഷം ഡിസംബറിൽ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഈ ഓഡിറ്റിന് വിധേയമാകുന്നതിൽനിന്ന് ആശുപത്രികൾക്ക് 2022 ജൂൺ വരെ ഇളവ് നൽകിയ വിജ്ഞാപനമാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്.