ന്യൂഡൽഹി: കേന്ദ്ര ഘനവ്യവസായ വകുപ്പിനു കീഴിലുള്ള പാലക്കാട്ടെ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് യൂണിറ്റ് കേരളസർക്കാരിനു കൈമാറുന്നത് വൈകുന്നത് സ്ഥലവില നിശ്ചയിക്കാത്തതിനാലാണെന്ന് കേന്ദ്രം. സംസ്ഥാനത്തിന് യൂണിറ്റ് വിട്ടുനൽകാൻ തത്ത്വത്തിൽ തീരുമാനിച്ചിട്ടും കൈമാറ്റം വൈകുന്നതെന്തെന്ന സി.പി.എം. അംഗം എളമരം കരീമിന്റെ ചോദ്യത്തിനാണ് ഘനവ്യവസായ സഹമന്ത്രി കൃഷൻ പാൽ ഗുർജർ രാജ്യസഭയിൽ രേഖാമൂലം മറുപടി നൽകിയത്.

യൂണിറ്റ് നിലനിൽക്കുന്ന 566.30 ഏക്കർ സ്ഥലത്തിന് സംസ്ഥാനസർക്കാർ വില കണക്കാക്കിനൽകണമെന്നാണ് ഘനവ്യവസായ വകുപ്പിന്റെ നിലപാട്. എന്നാൽ, കേന്ദ്രം തുടങ്ങാൻ സംസ്ഥാനം സൗജന്യമായി നൽകിയ സ്ഥലം തിരിച്ചു വിലകൊടുത്തുവാങ്ങേണ്ടതില്ലെന്നാണ് സംസ്ഥാനസർക്കാരിന്റെ തീരുമാനം. കൈമാറ്റവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികളെയും ഘനവ്യവസായ പ്രതിനിധിയെയുമുൾപ്പെടുത്തി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതിയുണ്ടാക്കിയിരുന്നു. സ്ഥലത്തിന്റെ വില കണക്കാക്കാതെയാണ് സമിതി യൂണിറ്റ് കൈമാറ്റത്തിന്റെ മാനദണ്ഡങ്ങൾ തീരുമാനിച്ചതെന്നും ഇതാണ് വൈകലിനു കാരണമെന്നും മന്ത്രി അറിയിച്ചു.