ന്യൂഡൽഹി: പാർലമെന്റിന്റെ മഴക്കാലസമ്മേളനം തുടങ്ങിയ തിങ്കളാഴ്ച മഴയിൽ മുങ്ങിനിൽക്കുകയായിരുന്നു ഡൽഹി. കൊടുംവേനൽ ശമിപ്പിച്ച് കുളിരുനിറച്ചാണ് മഴ എത്തിയതെങ്കിലും പാർലമെന്റിന്‌ പുറത്ത് സമരച്ചൂടിന് ഒട്ടും കുറവുണ്ടായിരുന്നില്ല. ഇന്ധനവില വർധന നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എം.പി.മാർ സൈക്കിളിൽ പാർലമെന്റിലെത്തിയതായിരുന്നു ഒരു സമരം.

‘പെട്രോൾ കൊള്ള നിർത്തൂ’ എന്നെഴുതിയ മേൽക്കുപ്പായങ്ങൾ ധരിച്ചും പാചകവാതക സിലിൻഡറിന്റെ കട്ടൗട്ടുകൾ സൈക്കിളിനുമുന്നിൽ കെട്ടിവെച്ചുമായിരുന്നു തൃണമൂൽ എം.പി.മാരുടെ യാത്ര. പ്രവേശനകവാടത്തിൽ കൂട്ടമായി അല്പനേരം മുദ്രാവാക്യങ്ങളും മുഴക്കി.

കർഷകപ്രക്ഷോഭം ഉയർത്തിക്കാട്ടി ശിരോമണി അകാലിദൾ (എസ്.എ.ഡി), ബി.എസ്.പി. എം.പി.മാർ പാർലമെന്റ് വളപ്പിൽ ധർണയും സംഘടിപ്പിച്ചു. കാർഷികനിയമങ്ങൾ പാർലമെന്റ് ചർച്ച ചെയ്യണമെന്നും നിയമങ്ങൾ റദ്ദാക്കണമെന്നും അവർ ആവശ്യപ്പെട്ടു. കർഷകവിരുദ്ധനിയമങ്ങൾ പിൻവലിപ്പിക്കാൻ പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കണമെന്ന് എസ്.എ.ഡി. അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ അഭ്യർഥിച്ചു. മുൻകേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ഉൾപ്പെടെയുള്ളവർ പങ്കാളികളായി. മഴ നനഞ്ഞായിരുന്നു ഈ പ്രതിഷേധങ്ങൾ.

വിവിധ വിഷയങ്ങളുയർത്തി പ്രതിപക്ഷ എം.പി.മാർ

ഇന്ധനവില വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങളായ അടൂർ പ്രകാശ്, ഹൈബി ഈഡൻ, രമ്യാ ഹരിദാസ് എന്നിവരും സി.പി.എം. അംഗം എ.എം. ആരിഫും ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന്‌ നോട്ടീസ് നൽകി. പെട്രോൾ, ഡീസൽ, നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വിലക്കയറ്റം ചൂണ്ടിക്കാട്ടി കെ.സി. വേണുഗോപാൽ രാജ്യസഭയിലും നോട്ടീസ് നൽകി.

രാജ്യസഭയിലെ സി.പി.എം. അംഗങ്ങളായ എളമരം കരീം, വി. ശിവദാസൻ എന്നിവർ കർഷകപ്രക്ഷോഭത്തിൽ ചർച്ച ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ഡൽഹിയിൽ ക്രിസ്ത്യൻപള്ളി പൊളിച്ചത് ചർച്ചചെയ്യണമെന്ന ആവശ്യവുമായി ലോക്‌സഭയിൽ കോൺഗ്രസ് അംഗങ്ങളായ ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ് എന്നിവരും അടിയന്തരപ്രമേയത്തിന്‌ നോട്ടീസ് നൽകി. ജനവിരുദ്ധമായ വിജ്ഞാപനം പുറപ്പെടുവിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാണ് ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസൽ ലോക്‌സഭയിൽ നൽകിയ നോട്ടീസിലെ ആവശ്യം. ഇതിൽ ബെന്നി ബെഹനാനും നോട്ടീസ് നൽകി. എന്നാൽ, എം.പി.മാരുടെ നോട്ടീസുകളൊന്നും ഇരുസഭകളിലും പരിഗണിച്ചില്ല.