ന്യൂഡൽഹി: മഹിള കയർ യോജന-നൈപുണ്യ വികസന പദ്ധതിപ്രകാരം കേന്ദ്രസർക്കാർ കഴിഞ്ഞ രണ്ടു വർഷത്തിനിടെ കേരളത്തിന് അനുവദിച്ചത് 2.5 കോടി രൂപ.

2019-’20ൽ 95.69 ലക്ഷം, 2020-’21ൽ 153.97 ലക്ഷം എന്നിങ്ങനെയാണിത്. ആകെ 13 സംസ്ഥാനങ്ങൾക്ക് തുക നൽകിയതിൽ കേരളത്തിനാണ് കൂടുതൽ. രണ്ടാമതുള്ള തമിഴ്‌നാട്ടിന് ഇക്കാലയളവിൽ 1.51 കോടി രൂപ അനുവദിച്ചു. രണ്ടുവർഷത്തിനിടെ 6535.9 കോടിയുടെ കയറുത്പന്നങ്ങൾ രാജ്യം കയറ്റിയയച്ചു. ഇതിൽ 2427.59 കോടിയുടെ ഉത്പന്നങ്ങൾ കൊച്ചിയിൽനിന്നാണ്. രാജ്യസഭയിൽ ലോക് താന്ത്രിക് ജനതാദൾ അംഗം എം.വി. ശ്രേയാംസ് കുമാറിന്റെ ചോദ്യത്തിന് സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മന്ത്രി നാരായൺ റാണെ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരമുള്ളത്.