ന്യൂഡൽഹി: പ്രതിരോധരംഗം പൂർണമായും ‘ആത്മനിർഭര’മാവുന്ന കാലം എപ്പോഴാണെന്നു പറയാനാവില്ലെന്ന് കേന്ദ്രം. പ്രതിരോധസാമഗ്രികളുടെ നിർമാണം ചലനാത്മകമായ പ്രക്രിയയാണ്. ഇവയുടെ വികസനം സേനയുടെ ആവശ്യകതയ്ക്കനുസൃതവുമാണ് -പ്രതിരോധസഹമന്ത്രി അജയ് ഭട്ട് പറഞ്ഞു.

ലോക്‌താന്ത്രിക് ജനതാദൾ അംഗം എം.വി. ശ്രേയാംസ് കുമാറിന് അദ്ദേഹം രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഈ വിവരമുള്ളത്. 2018 മുതൽ 2021 വരെയുള്ള സാമ്പത്തികവർഷങ്ങളിൽ 2.16 ലക്ഷം കോടിയുടെ പ്രതിരോധസാമഗ്രികൾ വാങ്ങുന്നതിനാണ് പ്രതിരോധസംഭരണസമിതി അനുമതി നൽകിയിരുന്നത്. ഇത് ആത്മനിർഭരതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

ആർട്ടിലറി ഗൺസിസ്റ്റമായ ധനുസ്സ്, ബ്രിഡ്ജ് ലേയിങ് ടാങ്ക്, ടി-22 ടാങ്കുകൾക്കുള്ള തെർമൽ ഇമേജിങ് സൈറ്റ് മാർക്ക്, ലഘു പോർവിമാനമായ തേജസ്സ്, ആകാശ് മിസൈലുകൾ, അന്തർവാഹിനികൾ, അന്തർവാഹിനിവേധയുദ്ധക്കപ്പൽ, അർജുൻ വാഹനങ്ങൾ തുടങ്ങിയവ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം നിർമിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.