മുംബൈ: അനധികൃത പണമിടപാട്‌ കേസിൽ അന്വേഷണം നേരിടുന്ന മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് ഒളിവിലാണെന്നും അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എന്നാൽ, സുപ്രീംകോടതിയിൽ നല്കിയ ഹർജിയിൽ തീർപ്പുകൽപ്പിച്ചാൽ ഉടൻ ഇ.ഡിയ്ക്കു മുന്നിൽ മൊഴി നൽകാനെത്തുമെന്ന് വീഡിയോ സന്ദേശത്തിൽ ദേശ്‌മുഖ് അറിയിച്ചു.

ഈ കേസിൽ മൊഴി നൽകാനെത്തണമെന്നാവശ്യപ്പെട്ട് മൂന്ന്‌ തവണ സമൻസ് അയച്ചിട്ടും ദേശ്‌മുഖ് എത്തിയിരുന്നില്ല. തുടർന്ന് അദ്ദേഹത്തിന്റെ നാഗ്പുരിലെ രണ്ട്‌ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഞായറാഴ്ച പരിശോധന നടത്തിയിരുന്നു. ദേശ്‌മുഖിനെ തിരഞ്ഞാണ് ഇ.ഡി. എത്തിയതെന്നാണ് അറിയുന്നത്. നാഗ്പുരിലെ കറ്റോൾ പട്ടണത്തിലെ ദേശ്‌മുഖിന്റെ വീട്ടിലും വാദ്വിരയിലെ കുടുംബ വീട്ടിലും നടത്തിയ പരിശോധനയിൽ അദ്ദേഹം എവിടെയാണുള്ളതെന്നതിന്റെ സൂചനയൊന്നും ലഭിച്ചില്ല. ദേശ്‌മുഖ് ഒളിവിലാണെന്നും അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ പരിധിക്കുപുറത്ത് എന്ന മറുപടിയാണ് ലഭിക്കുന്നതെന്നും ഇ.ഡി. വൃത്തങ്ങൾ അറിയിച്ചു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രതികാര നടപടികൾ തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്നും അതിൽ വിധി വന്നാലുടൻ ഇ.ഡിയ്ക്കു മുമ്പാകെ മൊഴി നൽകാനെത്തുമെന്നും തിങ്കളാഴ്ച ദേശ്‌മുഖ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. കുടുംബത്തിന്റെ നാല്‌ കോടി രൂപ വരുന്ന ആസ്തികൾ ഇ.ഡി. താത്കാലികമായി കണ്ടുകെട്ടിയിട്ടുണ്ടെന്നും മകൻ സലിൽ 2.67 കോടി രൂപയ്ക്ക്‌ വാങ്ങിയ സ്ഥലം അതിൽ ഉൾപ്പെടുന്നുണ്ടെന്നും ദേശ്‌മുഖ് പറഞ്ഞു. ഈ സ്ഥലത്തിന് 300 കോടി രൂപ വില മതിക്കുമെന്ന മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.

മുംബൈയിലെ ബാറുകളിൽനിന്ന് എല്ലാ മാസവും 100 കോടി രൂപ വീതം പിരിച്ചുനൽകാൻ മന്ത്രിയായിരിക്കേ അനിൽ ദേശ്‌മുഖ് പോലീസുകാർക്ക് നിർദേശം നൽകിയെന്ന് മുംബൈ പോലീസ് കമ്മിഷണറായിരുന്ന പരംബീർ സിങ് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി.യുടെ അന്വേഷണം. കേസുമായി ബന്ധപ്പെട്ട് വർളിയിലും ഉറാനിലും ദേശ്‌മുഖ് കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന 4.21 കോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് താത്കാലികമായി കണ്ടുകെട്ടിയിട്ടുണ്ട്. മന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് കുന്ദൻ ഷിന്ദേയെയും പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് പലാന്ദേയെയും ഇ.ഡി. അറസ്റ്റ്‌ ചെയ്തു.