ന്യൂഡൽഹി : മുസ്‍ലിം ലീഗ് അംഗം എം.പി. അബ്ദുസ്സമദ് സമദാനി ലോക്‌സഭാംഗമായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. മിഡില ഗുരുമൂർത്തി (തിരുപ്പതി), മംഗളാ സുരേഷ് അംഗഡി (ബെലഗാവി), വിജയ് വസന്ത് (കന്യാകുമാരി) എന്നിവരും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു.

മലപ്പുറം മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലാണ് സമദാനി ലോക്‌സഭാംഗമായത്. 1994 മുതൽ 2006 വരെ രണ്ടുവട്ടം രാജ്യസഭാംഗവും 2011-16 വർഷങ്ങളിൽ നിയമസഭാംഗവുമായിരുന്നു.

മുൻ ലോക്‌സഭാംഗം എച്ച്. വസന്തകുമാറിന്റെ മകനാണ് ചലച്ചിത്രനടനും വ്യവസായിയുമായ വിജയ് വസന്ത്. കന്യാകുമാരി മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്ന കോൺഗ്രസ് അംഗം വസന്തകുമാർ കോവിഡ് ബാധിച്ച് മരിച്ചതിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മകൻ വിജയ് വസന്ത് വിജയിച്ചത്. കർണാടകത്തിലെ ബെലഗാവി മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്ന മുൻ റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡിയുടെ ഭാര്യയാണ് മംഗളാ സുരേഷ് അംഗഡി. കോവിഡ് ബാധിച്ച് സുരേഷ് അംഗഡി മരിച്ചതിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മംഗള തിരഞ്ഞെടുക്കപ്പെട്ടത്.