ന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് കത്തോലിക്കാ സഭാ മേലധ്യക്ഷൻമാർ പ്രധാനമന്ത്രിയുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. സി.ബി.സി.ഐ. തലവനും ബോംബെ ലത്തീൻ അതിരൂപത അധ്യക്ഷനുമായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, കെ.സി.ബി.സി. പ്രസിഡന്റും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ ജോർജ് ആലഞ്ചേരി, സിറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരാണ് പ്രധാനമന്ത്രിയെ കണ്ടത്.

സർക്കാരിന്റെ ശ്രദ്ധ പതിയേണ്ട ചില വിഷയങ്ങളിൽ രേഖാമൂലം ആവശ്യം ഉന്നയിച്ചിട്ടുള്ളതായി സഭാധ്യക്ഷന്മാർ പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയത്തിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടില്ലെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു. സാമ്പത്തിക ആനുകൂല്യം നൽകുമ്പോൾ മതത്തിനപ്പുറം സാമ്പത്തിക സ്ഥിതി നോക്കിനൽകണമെന്ന് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു.

രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരേ അക്രമം വർധിക്കുന്നതായി പ്രതിപക്ഷം പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് പ്രതിപക്ഷം പറയുന്നതിനൊക്കെ നമ്മൾ മറുപടി പറയണമോ എന്നായിരുന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പ്രതികരണം.

ഭീമ കൊറേഗാവ് കേസിൽ എൻ.ഐ.എ. അറസ്റ്റുചെയ്ത ജസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്നും മതമേലധ്യക്ഷന്മാർ ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള യാത്രാവിലക്ക് അവസാനിച്ചാൽ ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി ഇവരെ അറിയിച്ചു.

ബി.ജെ.പി. തൊട്ടുകൂടാത്ത പാർട്ടിയല്ല- പേജ് 00