ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിലേക്കും അസമിലേക്കും മൂന്ന് എ.ഐ.സി.സി. സെക്രട്ടറിമാരെക്കൂടി കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ചു. പി. വിശ്വനാഥൻ, ഇവാൻ ഡിസൂസ, പി.വി. മോഹൻ എന്നിവരെയാണ് കേരളത്തിലേക്ക് നിയോഗിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് കേരളത്തിലുടനീളം സഞ്ചരിച്ച് മണ്ഡലം തലങ്ങളിലടക്കം പാർട്ടിയെ ഏകോപിപ്പിക്കുന്നതിനാണിതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. മൂന്നു സെക്രട്ടറിമാർക്കും തെക്ക്-മധ്യം-വടക്ക് എന്നിങ്ങനെ തിരിച്ച് ഓരോ മേഖലയുടെയും ചുമതല നൽകാൻ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് എ.ഐ.സി.സി. നിർദേശിച്ചിട്ടുണ്ട്. ഇവർ ഓരോ നിയമസഭാ മണ്ഡലവും സന്ദർശിക്കുകയും തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തുകയും വേണമെന്നാണ് നിർദേശം. സെക്രട്ടറിമാർക്കുള്ള മാർഗനിർദേശമടക്കം ഈ മാസം 27-ന് കേരളത്തിലെത്തുമ്പോൾ താരിഖ് അൻവർ അറിയിക്കുമെന്നാണ് സൂചന.

തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനാവാത്തതിനാൽ കോൺഗ്രസ് നേതൃത്വത്തിനെതിരേ നേതാക്കൾ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ഇത്തരം വിമർശനങ്ങളും വിഴുപ്പലക്കലുകളും എതിരാളികൾക്കു ശക്തി നൽകുമെന്നും വിമർശനം നിർത്തേണ്ട സമയമാണിതെന്നും താരിഖ് അൻവർ ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. പാർട്ടി വേദികളിൽ പ്രശ്നങ്ങൾ അവതരിപ്പിക്കണമെന്നും അദ്ദേഹം നേതാക്കളോട് ആവശ്യപ്പെട്ടു.