മുംബൈ: ആർ.എസ്.എസിന്റെ പ്രമുഖ സൈദ്ധാന്തികനും ആദ്യത്തെ വക്താവുമായിരുന്ന മാധവ് ഗോവിന്ദ് വൈദ്യ (എം.ജി. വൈദ്യ-97) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെത്തുടർന്നാണ് നാഗ്പുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ഭേദമായെങ്കിലും പിന്നീടുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിനിടയാക്കിയത്.

ആർ.എസ്.എസ്. മുഖ്യധാരയിൽ എൺപത് വർഷത്തോളം ഇദ്ദേഹം സജീവമായിരുന്നു. ആർ.എസ്.എസ്. നിരോധനകാലത്ത് രാഷ്ട്രീയത്തിൽ സജീവമാകുന്നതിനെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങൾ സംഘടനയ്ക്കുള്ളിൽ സജീവമായപ്പോഴും എം.ജി. വൈദ്യ സംഘടനയെ നേർവഴിക്ക് നയിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. കേന്ദ്രത്തിൽ രണ്ടുതവണ ബി.ജെ.പി. അധികാരത്തിലെത്തുന്നതിനും സാക്ഷിയായി. ആർ.എസ്.എസിന്റെ മറാഠി പത്രം ‘തരുൺ ഭാരത്’ പത്രത്തിന്റെ ആദ്യകാല എക്സിക്യുട്ടീവ് ചീഫ് എഡിറ്ററായിരുന്നു. നാഗ്പുരിലെ മോറിസ് കോളേജിലെ പഠനകാലത്താണ് ആർ.എസ്.എസ്. അംഗമാവുന്നത്. ആർ.എസ്.എസിന്റെ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ്സ്ഥാനവും വഹിച്ചിട്ടുണ്ട്. മഹാരാഷ്ട്രയെ നാലുഭാഗങ്ങളായി വിഭജിക്കണമെന്ന ഇദ്ദേഹത്തിന്റെ നിർദേശം വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിതുറന്നിരുന്നു. വാർധയിലെ തരോഡയിലാണ് ജനനം. ബിരുദാനന്തബിരുദം നേടിയത് സ്വർണമെഡലോടെയാണ്. തരുൺ ഭാരത് പത്രത്തിന്റെ ചുമതലക്കാലത്ത് ആർ.എസ്.എസിന്റെ സജീവ പ്രവർത്തനങ്ങളിൽനിന്ന് മാറിനിന്നിരുന്നു.

1978 മുതൽ 84 വരെ മഹാരാഷ്ട്ര നിയമനിർമാണ കൗൺസിൽ അംഗമായിരുന്നു. നാഗ്പുർ സർവകലാശാല സെനറ്റ് അംഗമായിട്ടുണ്ട്. ഒട്ടേറെ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഹെഡ്‌ഗേവാർ ഉൾപ്പെടെ ആർ.എസ്.എസിന്റെ ആറോളം സർസംഘചാലകുമാർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മകൻ ഡോ. മൻമോഹൻ വൈദ്യ ആർ.എസ്.എസിന്റെ ജോയന്റ് ജനറൽ സെക്രട്ടറിയാണ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെ ഒട്ടേറെപ്പേർ വിയോഗത്തിൽ അനുശോചിച്ചു. ശവസംസ്‌കാരം അംബാസാരി ഘാട്ട് ശ്മശാനത്തിൽ ഞായറാഴ്ച രാവിലെ 9.30-ന് നടക്കും.