കൊൽക്കത്ത: മുൻപ് തൃണമൂലിൽ നിന്ന് ബി.ജെ.പി.യിലെത്തിയ പ്രമുഖ നേതാവ് മുകുൾ റോയ് സംഘടനാ തന്ത്രങ്ങളിൽ വിദഗ്ധനായിരുന്നെങ്കിലും ജനകീയ നേതാവായിരുന്നില്ല. ശുഭേന്ദു അധികാരിയിലൂടെ ബി.ജെ.പി. ലക്ഷ്യമിട്ടതും അദ്ദേഹത്തിന്റെ ജനകീയ മുഖമാണ്.

പൂർബ, പശ്ചിമ മേദിനിപുർ ജില്ലകളിൽ നിർണായക സ്വാധീനമുള്ള ശുഭേന്ദു ഇതിനകം തന്നെ ഒൻപത് എം.എൽ.എ.മാരെ ബി.ജെ.പി.യിലെത്തിച്ചിട്ടുണ്ട്. ഇനി പാർട്ടി അണികളെ കൂടുതലായി ആകർഷിക്കാനാണു ശ്രമം. ഇതിനായി പ്രവർത്തകർക്ക് തുറന്ന കത്ത് എഴുതിയിരിക്കുകയാണ് ശുഭേന്ദു. ഇടത് സർക്കാരിനെ താഴെയിറക്കുമ്പോൾ ഐശ്വര്യപൂർണമായ ബംഗാൾ സൃഷ്ടിക്കാമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ജനങ്ങളുടെ പിന്നാക്കാവസ്ഥ അതുപോലെ നിൽക്കുകയാണെന്നു കത്തിൽ പറയുന്നു. ചോരയും നീരും നൽകി പാർട്ടിയെ വളർത്തിയവർക്ക് ഒരു വിലയുമില്ലെന്നും ഒരു കുടുംബത്തിന്റെ ക്ഷേമം മാത്രമാണ് അവരുടെ ചിന്തയെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.

നിർണായകഘട്ടത്തിൽ വിശ്വാസവഞ്ചന കാണിച്ച നേതാവായി ശുഭേന്ദുവിനെ ചിത്രീകരിച്ചു കൊണ്ടാകും തൃണമൂൽ പ്രതിരോധിക്കുക. ഇതിനകംതന്നെ നന്ദിഗ്രാമിലെ ചില രക്തസാക്ഷി കുടുംബങ്ങളെ അവർ രംഗത്തിറക്കിക്കഴിഞ്ഞു. നന്ദിഗ്രാം മേഖലയിൽ ന്യൂനപക്ഷ വിഭാഗം ശക്തമാണ്. ബി.ജെ.പി.യിൽ ചേർന്ന ശുഭേന്ദുവിന് ഈ വിഭാഗത്തിന്റെ പിന്തുണ തുടർന്നും ലഭിക്കുമോ എന്നതാണ് ഇനി അറിയേണ്ടത് .

അഴിമതി ആരോപിച്ച് ഷാ

മേദിനിപുരിൽ നടന്ന റാലിയിൽ മമത സർക്കാരിനെതിരേ കടുത്ത വിമർശനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നയിച്ചത്. ‘‘ആംഫൻ ചുഴലിക്കാറ്റിന്റെ ദുരിതാശ്വാസത്തിന് പതിനായിരം കോടി രൂപ കേന്ദ്രസർക്കാർ നൽകി. ഈ തുക വിതരണത്തിൽ വലിയ അഴിമതിയാണ് നടന്നത്. ഇതേപ്പറ്റി അന്വേഷിക്കാൻ ഹൈക്കോടതി സി.എ.ജി.യോട് നിർദേശിച്ചിരിക്കുന്നു. ഇതിലും വലിയ നാണക്കേടുണ്ടോ?’’ ഷാ ചോദിച്ചു.

അമിത് ഷാ തനിക്ക് ജ്യേഷ്ഠ സഹോദരനെപ്പോലെയാണെന്ന് യോഗത്തിൽ സംസാരിച്ച ശുഭേന്ദു പറഞ്ഞു. കോവിഡ് വന്നപ്പോൾ ഞാൻ സേവിച്ച എന്റെ പാർട്ടിക്കാർ അന്വേഷിച്ചതേയില്ല. എന്നാൽ, അമിത് ഷാ രണ്ടുവട്ടം ഫോൺ ചെയ്ത് വിവരങ്ങൾ ചോദിച്ചുവെന്ന് ശുഭേന്ദു പറഞ്ഞു.