കൊൽക്കത്ത: പശ്ചിമബംഗാളിൽ അധികാരമെന്ന ലക്ഷ്യത്തിന് തൃണമൂൽ വിട്ടുവന്ന പ്രമുഖ നേതാവ് ശുഭേന്ദു അധികാരിയിലൂടെ തുടക്കമാവുമെന്ന പ്രതീക്ഷയുമായി ബി.ജെ.പി. മുൻ സംസ്ഥാന മന്ത്രികൂടിയായ ശുഭേന്ദു ഉൾപ്പടെ 10 എം.എൽ.എ.മാരെയും ഒരു എം.പി.യെയും പാർട്ടിപതാക നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബി.ജെ.പിയിലേക്ക് സ്വീകരിച്ചു. തൃണമൂൽ വിട്ടുവരുന്നവർക്ക് ബി.ജെ.പിയിൽ സ്ഥാനങ്ങൾ നൽകുന്നതിനോടു സംസ്ഥാന നേതാക്കളിൽ ചിലർക്ക് എതിർപ്പുണ്ടെങ്കിലും 2021-ലെ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പേരായി ശുഭേന്ദു മാറാനാണു സാധ്യത.

മമതാ ബാനർജി കഴിഞ്ഞാൽ തൃണമൂലിൽ വിപുലമായ ജനസ്വാധീനമുള്ള ശുഭേന്ദു വഴി തൃണമൂലിൽ കൂടുതൽ ഭിന്നതകൾ സൃഷ്ടിക്കാനും വിജയപ്രതീതി ശക്തമാക്കാനുമാവും ഇനി ബി.ജെ.പി. ശ്രമം. തിരഞ്ഞെടുപ്പ് സമയമാകുമ്പോഴേക്കും തൃണമൂൽ കോൺഗ്രസിൽ മമതാ ബാനർജി മാത്രമായി അവശേഷിക്കുമെന്ന് അമിത് ഷാ പരിഹസിച്ചു.

‘‘ഇതൊരു തുടക്കം മാത്രമാണ്. ഇനിയും ഏറെപ്പേർ വരാനുണ്ട്. ഒടുവിൽ പാർട്ടിയെന്നാൽ ദീദി മാത്രം എന്നാകും’’ -ഷാ പറഞ്ഞു. ‘‘നിങ്ങൾ 30 വർഷം കോൺഗ്രസിന് കൊടുത്തു. 34 വർഷം ഇടതിനും 10 വർഷം മമതയ്ക്കും കൊടുത്തു. അഞ്ചുവർഷം ഞങ്ങൾക്ക് തന്നു നോക്കൂ. ബംഗാളിനെ സുവർണബംഗാളാക്കി മാറ്റിക്കാണിക്കാം’’ - മേദിനിപൂർ കോളേജ് ഗ്രൗണ്ടിൽ തിങ്ങിക്കൂടിയ ജനങ്ങളോടായി അമിത് ഷാ പറഞ്ഞു.

അമിത് ഷാ തനിക്ക് ജ്യേഷ്ഠസഹോദരനെപ്പോലെയാണെന്ന് ശുഭേന്ദു പറഞ്ഞു. ഞാൻ വിശ്വാസവഞ്ചന നടത്തിയെന്ന് പറയുന്നു. 98-ൽ അടൽ ബിഹാരി വാജ്പേയിയോട് ചോദിച്ചിട്ടുമാത്രം പുറത്തിറങ്ങിക്കൊണ്ടിരുന്നവരാണ് ഇത് പറയുന്നത്’’ -മമതയെ പരോക്ഷമായി പരാമർശിച്ച് ശുഭേന്ദു പറഞ്ഞു. ‘അഴിമതിക്കാരൻ അനന്തരവനെ മാറ്റൂ’ എന്നതാണ് തന്റെ ഇപ്പോഴത്തെ പ്രധാനമുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസത്തെ പശ്ചിമബംഗാൾ പര്യടനത്തിനെത്തിയ അമിത് ഷാ രാവിലെ സ്വാമി വിവേകാനന്ദന്റെ പൈതൃകഭവനം സന്ദർശിച്ചു. പിന്നീട് സ്വാതന്ത്ര്യസമര രക്തസാക്ഷി ഖുദിറാം ബോസിന്റെ ജന്മനാട് സന്ദർശിച്ച് ബന്ധുക്കളെ ആദരിച്ചു.

അകത്ത് നിന്നുള്ളവൻ

ബി.ജെ.പിയെ പുറത്തുനിന്നുള്ളവരുടെ പാർട്ടിയായിട്ടാണ് മമത ബാനർജി ചിത്രീകരിച്ചിട്ടുള്ളത്. നന്ദിഗ്രാം പോലെ ജനകീയസമരങ്ങൾ നയിച്ചിട്ടുള്ള ശുഭേന്ദുവിനെ മുന്നിൽ നിർത്തി ഇതിനെ മറികടക്കാനും ബംഗാളി സ്വത്വം ഉള്ള നേതാവിനെ അവതരിപ്പിക്കാനും ബി.ജെ.പിക്ക് കഴിയും. അമ്പതുകാരനായ ശുഭേന്ദുവിനെ മാറ്റത്തിന്റെ മുഖമായി എടുത്തുകാട്ടും. മേദിനിപൂരിൽനിന്ന് കൊൽക്കത്തയ്ക്ക് മടങ്ങിയപ്പോൾ ശുഭേന്ദുവിനെ ഒപ്പം കൂട്ടിയ അമിത് ഷാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്തു.

ശുഭേന്ദു ഭീരു -തൃണമൂൽ

അഴിമതിക്കാരനായ അനന്തരവൻ എന്നൊക്കെ പറയുന്ന ശുഭേന്ദു അധികാരി ഭീരുവാണെന്ന് തൃണമൂൽ നേതാവ് കല്യാൺ ബാനർജി എം.പി. ആരോപിച്ചു. ‘‘ധൈര്യമുണ്ടെങ്കിൽ പേരു പറഞ്ഞ് ആരോപണമുന്നയിക്കട്ടെ’’ -അദ്ദേഹം പറഞ്ഞു. നന്ദിഗ്രാമിൽ ഒരിക്കൽകൂടി മത്സരിക്കാൻ ശുഭേന്ദുവിനെ വെല്ലുവിളിക്കുന്നെന്നും കല്യാൺ പറഞ്ഞു.

ഇന്നലെ ബി.ജെ.പി.യിലെത്തിയവർ

എം.എൽ.എ.മാർ

തൃണമൂൽ - 7

സി.പി.എം. -1

സി.പി.ഐ. -1

കോൺഗ്രസ്-1

എം.പി.

തൃണമൂൽ-1