ചെന്നൈ: സി.ബി.ഐ. കസ്റ്റഡിയിൽനിന്ന് 103 കിലോ സ്വർണം കാണാതായ സംഭവത്തിൽ മുൻ എ.ഡി.ജി.പി.യെ ചോദ്യംചെയ്തു. മുമ്പ് സി.ബി.ഐ.യിൽ പ്രവർത്തിച്ച ഇദ്ദേഹം പിന്നീട് തമിഴ്‌നാട് പോലീസിൽ എ.ഡി.ജി.പി.യായിട്ടാണ് വിരമിച്ചത്. കേസിൽ അന്വേഷണം നടത്തുന്ന സി.ബി.-സി.ഐ.ഡി. പോലീസ് രഹസ്യമായിട്ടായിരുന്നു മുൻ എ.ഡി.ജി.പി.യെ ചോദ്യംചെയ്തത്. ഇതുകൂടാതെ മുൻ ഡി.ജി.പി.യെയും ചോദ്യംചെയ്യാൻ ഒരുങ്ങുന്നതായാണ് സി.ബി.-സി.ഐ.ഡി. വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം. ഇദ്ദേഹവും സി.ബി.ഐ.യിൽ പ്രവർത്തിച്ചിരുന്നു.

സ്വർണ ഇറക്കുമതി സ്ഥാപനത്തിൽ എട്ടുവർഷംമുമ്പ് സി.ബി.ഐ. നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത 400 കിലോ സ്വർണത്തിൽ 103 കിലോയാണ് കാണാതായത്. ദേശീയ കമ്പനിനിയമ ട്രിബ്യൂണൽ (എൻ.സി.എൽ.ടി.)ഉത്തരവ് പ്രകാരം വായ്പാബാധ്യത തീർക്കുന്നതിനുള്ള നടപടികൾക്കായി നിയമിക്കപ്പെട്ട ലിക്വിഡേറ്റർ പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടമായത് കണ്ടെത്തിയത്. ഇതോടെ ലിക്വിഡേറ്റർ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സ്വർണം പിടിച്ചെടുത്തപ്പോൾ ഒന്നിച്ചാണ് തൂക്കിയതെന്നും ഇപ്പോൾ ഒരോന്നായി തൂക്കിയതുകൊണ്ടാണ് വ്യത്യാസമെന്നുമായിരുന്നു സി.ബി.ഐ.യുടെ വിശദീകരണം. ഇതിനെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി സംഭവത്തിൽ അന്വേഷണം നടത്താൻ തമിഴ്‌നാട് പോലീസിന് കീഴിലുള്ള സി.ബി.-സി.ഐ.ഡി.യോട് ഉത്തരവിടുകയായിരുന്നു.

സി.ബി.ഐ. ജോയന്റ് ഡയറക്ടറായി പ്രവർത്തിച്ച എ.ഡി.ജി.പി.യെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. മുൻ ഡി.ജി.പി.ക്ക്‌ സമൻസ് നൽകാൻ നടപടി ആരംഭിച്ചിട്ടുണ്ട്. ഈ സംഭവത്തിൽ സി.ബി.-സി.ഐ.ഡി. നടത്തുന്ന അന്വേഷണം കൂടാതെ സി.ബി.ഐ. ആഭ്യന്തരമായി അന്വേഷണം നടത്തുന്നുണ്ട്.