ചെന്നൈ: തമിഴ്‌നാട്ടിൽ റേഷനരിക്ക്‌ അർഹതയുള്ള കുടുംബങ്ങൾക്ക് 2500 രൂപ വീതം സർക്കാരിന്റെ പൊങ്കൽ സമ്മാനം. പദ്ധതിപ്രകാരം സംസ്ഥാനത്തെ രണ്ടുകോടി ആറുലക്ഷം കുടുംബങ്ങൾക്ക് പണം ലഭിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. എ.ഐ.എ.ഡി.എം.കെ.യുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ശനിയാഴ്ച തുടക്കം കുറിച്ചതിനുപിന്നാലെയാണ് പൊങ്കൽ സമ്മാനം പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം പൊങ്കലിന് 1000 രൂപ വീതം വിതരണംചെയ്തിരുന്നു.

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് തുക ഇരട്ടിയിലധികമായി ഉയർത്തിയത്. 5150 കോടി രൂപ സമ്മാനവിതരണത്തിന് വേണ്ടിവരും. ജനുവരി നാലുമുതൽ പണം വിതരണം ചെയ്ത് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. പണം നൽകുന്നത് കൂടാതെ ഒരു കിലോ അരി, പഞ്ചസാര, കരിന്പ് തുടങ്ങിയവയും സമ്മാനമായി നൽകും. കോവിഡ് വ്യാപനത്തെത്തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഓരോ കുടുംബത്തിനും 1000 രൂപ വീതം സഹായം വിതരണംചെയ്തിരുന്നു. ഉത്സവകാലത്ത് സാരി, വേഷ്ടി തുടങ്ങിയവ സമ്മാനമായി നൽകുന്ന പതിവ് മുൻ സർക്കാരുകൾ നടപ്പാക്കിയിരുന്നു.

ടി.വി., ഫാൻ, വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് എന്നിവ നൽകുന്ന പദ്ധതിയും ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ. സർക്കാരുകളുടെ ജനപ്രിയപദ്ധതികളായിരുന്നു. വനിതകൾക്ക് പകുതിവിലയ്ക്ക് സ്കൂട്ടർ നൽകുന്ന അമ്മ ഇരുചക്രവാഹനപദ്ധതി കഴിഞ്ഞ തിരഞ്ഞെടുപ്പിന് ജയലളിത പ്രഖ്യാപിച്ചിരുന്നു.