ന്യൂഡൽഹി: കോവിഡ് മഹാമാരിക്കിടെയുള്ള വടക്കൻ മേഖലയിലെ കടന്നുകയറ്റം ചൈനയുടെ ദുരുദ്ദേശ്യം വെളിച്ചത്തുകൊണ്ടുവന്നതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഏതു പ്രശ്നത്തിനും സമാധാനത്തിലൂടെയും സംസാരത്തിലൂടെയും പരിഹാരമുണ്ടെന്നാണ് ഇന്ത്യ വിശ്വസിക്കുന്നത് -അദ്ദേഹം പറഞ്ഞു.

ഹൈദരാബാദ് എയർഫോഴ്‌സ് അക്കാദമിയിൽ നടന്ന വിവിധ സേനകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞങ്ങൾക്ക് പോരാട്ടമല്ല, സമാധാനമാണ് വേണ്ടത്. എന്നിരുന്നാലും രാജ്യത്തിന്റെ ആത്മാഭിമാനത്തിന് ദോഷമുണ്ടാക്കുന്ന ഒന്നും സഹിക്കില്ല” -സിങ് ചൈനയ്ക്ക് മുന്നറിയിപ്പുനൽകി. ഇതു പുതിയ ഇന്ത്യയാണ്. ഞങ്ങൾ ഇപ്പോൾ ദുർബലരല്ല. അതിർത്തിയിലെ ഏതു കടന്നുകയറ്റത്തിനും അക്രമത്തിനും ഏകപക്ഷീയമായ നടപടിക്കും മറുപടിനൽകാൻ പ്രാപ്തരാണെന്നും അദ്ദേഹം പറഞ്ഞു.

ഒമ്പതാംവട്ട കമാൻഡർതല ചർച്ചയ്ക്ക് ഇന്ത്യ

അതിർത്തിത്തർക്കത്തിൽ പരസ്പരം സ്വീകാര്യമായ പരിഹാരം കണ്ടെത്തുന്നതിന് ഇന്ത്യയും ചൈനയും ഒമ്പതാംവട്ട കോർ കമാൻഡർ തല ചർച്ച നടത്തും. സംഘർഷ മേഖലകളിൽ നിന്നെല്ലാം ഇരു സൈന്യവും പിന്മാറുന്നതിന് നവംബർ ആറിനു നടന്ന എട്ടാംവട്ട കൂടിക്കാഴ്ചയിൽ ചർച്ച നടത്തിയെങ്കിലും ചൈനയുടെ കടുംപിടിത്തം കാരണം തീർപ്പാവാതെ പിരിഞ്ഞിരുന്നു. കൂടുതൽ ചർച്ചകൾ ഇരു രാജ്യങ്ങൾക്കും യോജിപ്പുള്ള പരിഹാരമാർഗം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിരോധ-വിദേശ കാര്യ മന്ത്രാലയങ്ങൾ. എന്നാൽ, ചർച്ച എന്നു നടത്തണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.