അഹമ്മദാബാദ്: മതംമാറിയുള്ള വിവാഹം ‘ലൗ ജിഹാദ്’ ആണെന്നാരോപിച്ച് യുവതിയുടെ മനസ്സുമാറ്റാൻ എം.പി.യും എം.എൽ.എ.യും ഉൾപ്പെടെയുള്ള രാഷ്ട്രീയനേതാക്കൾ രംഗത്ത്. കലാപം ഒഴിവാക്കാനായി ദമ്പതിമാരെ പുനരാലോചനയ്ക്കായി പോലീസ് അവരവരുടെ വീടുകളിലേക്ക് അയച്ചു.

വഡോദരയിൽ നഗർവാഡയിലാണ് സംഭവം. 23-കാരായ ഇരുവരും അയൽക്കാരാണ്. ഹിന്ദുവായ യുവതിയും മുസ്‌ലിമായ യുവാവും അഞ്ചുവർഷമായി അടുപ്പത്തിലുമാണ്. ബന്ധുക്കളറിയാതെ മുംബൈയിലെത്തി ഇവർ വിവാഹിതരായി. യുവതി മതംമാറി ഇസ്‌ലാം ആചാരപ്രകാരമായിരുന്നു വിവാഹം. ഗുജറാത്തിൽ മതംമാറുന്നതിന് കളക്ടറുടെ അനുമതി ആവശ്യമായതിനാലായിരുന്നു ഇത്. തിരികെ വരന്റെ വീട്ടിലെത്തിയപ്പോൾ പെൺകുട്ടിയുടെ ബന്ധുക്കളും സമുദായക്കാരും ഇടപെടുകയായിരുന്നു.

സംഘർഷം ഒഴിവാക്കാൻ പോലീസ് ഇരുവരെയും കരോളിബാഗ് പോലീസ് സ്റ്റേഷനിലെത്തിച്ചു. വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഇരുവരും പറഞ്ഞതോടെ കേസെടുത്തില്ല. എങ്കിലും പുനരാലോചനയ്ക്കായി ഏതാനും ദിവസം അവരവരുടെ വീടുകളിൽ താമസിക്കാൻ നിർദേശിച്ചു.

ഇതേത്തുടർന്നാണ് പെൺകുട്ടിയുടെ മനസ്സ് മാറ്റാൻ നേതാക്കൾ ഇടപെട്ടത്. വഡോദര എം.പി.യായ രഞ്ജന ഭട്ട്, എം.എൽ.എ. സീമാ മൊഹിലെ, ബി.ജെ.പി. സിറ്റി പ്രസിഡന്റ് ഡോ. വിജയ് ഷാ, മുൻ മേയർ സുനിൽ സോളങ്കി തുടങ്ങിയവരാണ് വീട്ടിലെത്തി സംസാരിച്ചത്.

പ്രായോഗികമല്ലാത്ത ബന്ധത്തിൽനിന്ന് ഒഴിവായി യാഥാർഥ്യബോധത്തോടെ ജീവിതത്തെ കാണാൻ താൻ ഉപദേശിച്ചതായി രഞ്ജന ഭട്ട് പറഞ്ഞു. ‘ഹയർസെക്കൻഡറി വിദ്യാഭ്യാസം മാത്രമുള്ളവരും സ്വന്തമായി വരുമാനമില്ലാത്തവരുമാണ് ഇരുവരും. ഏതാനും മാസം മാത്രമേ ഇത്തരം വിവാഹങ്ങൾ നിലനിൽക്കൂ’ - ഇതായിരുന്നു എം.പി.യുടെ ഉപദേശം.

ഇതേസമയം ദഭോയി എം.എൽ.എ.യും വേൾഡ് ബ്രാഹ്മിൺ ഫെഡറേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ ശൈലേഷ് മേത്ത ഉത്തർപ്രദേശ് മാതൃകയിൽ ലവ്‌ ജിഹാദ് വിരുദ്ധനിയമം ഗുജറാത്തിലും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി. ഭറൂച്ച് എം.പി. മൻസുഖ് വാസവയും കഴിഞ്ഞദിവസം ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.