ന്യൂഡൽഹി: സി.ബി.ഐ. ഡയറക്ടറെ നിയമിക്കുന്നതിന് പ്രധാനമന്ത്രി ഉൾപ്പെടുന്ന ഉന്നതാധികാര സമിതിയുടെ യോഗം മേയ് രണ്ടിനു ശേഷമേ ചേരാനാകൂവെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഉന്നതാധികാരസമിതിയംഗമായ ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവ് അധീർ രഞ്ജൻ ചൗധരി മേയ് രണ്ടിന് ശേഷമേ എത്താനാകൂവെന്ന് അറിയിച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.

സമിതി യോഗം മേയ് രണ്ടിന് മുൻപ് ചേരുന്നത് പരിഗണിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് അധീർ രഞ്ജൻ ചൗധരിയുടെ അസൗകര്യം കേന്ദ്രം ചൂണ്ടിക്കാട്ടിയത്. പ്രധാനമന്ത്രി, ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയുടെ യോഗം മേയ് രണ്ടിന് ശേഷം ചേരാനാണ് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചപ്പോഴാണ് നേരത്തേ നടത്തുന്നതിനെക്കുറിച്ച് സുപ്രീംകോടതി നേരത്തേ പരാമർശിച്ചത്.

ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഏപ്രിൽ 23-ന് വിരമിക്കുന്നതിനാൽ അദ്ദേഹത്തെ മറികടക്കാനുദ്ദേശിച്ചാണ് സമിതിയുടെ യോഗം നീട്ടിവെക്കുന്നതെന്ന് പരാതിക്കാരായ സന്നദ്ധ സംഘടനയ്ക്കു വേണ്ടി അഡ്വ. പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. സി.ബി.ഐ.ക്ക് സ്ഥിരം ഡയറക്ടറെ നിയമിക്കണമെന്നുകാട്ടിയാണ് കോമൺ കോസ് സംഘടന ഹർജി നൽകിയത്.