കൊൽക്കത്ത: ഈയിടെ നടന്ന പുനഃസംഘടനയിൽ മോദി മന്ത്രിസഭയിൽനിന്ന്‌ പുറത്തായ ബാബുൽ സുപ്രിയോ ബി.ജെ.പി. വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ബംഗാളിലെ പ്രമുഖഗായകനായ സുപ്രിയോയുടെ മലക്കംമറിച്ചിൽ ബി.ജെ.പി.ക്കെന്നതുപോലെ ഉന്നത നേതാക്കൾ ഒഴികെയുള്ള തൃണമൂലുകാർക്കും അവിശ്വസനീയമായി.

കേന്ദ്രത്തിലെ സഹമന്ത്രിപദം നഷ്ടമായതോടെ താൻ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് സുപ്രിയോ പറഞ്ഞിരുന്നു. പിന്നീട് ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എം.പി. സ്ഥാനത്ത് തുടരുമെന്നും മറ്റൊരു പാർട്ടിയിലും ചേരില്ലെന്നും പറഞ്ഞു. ഫുട്ബോൾ ക്ളബ്ബുകളിൽ മോഹൻ ബഗാനോടും രാഷ്ട്രീയപ്പാർട്ടികളിൽ ബി.ജെ.പി.യോടും മാത്രമാണ് ഇഷ്ടമെന്നും കൂട്ടിച്ചേർത്തിരുന്നു. എന്നാൽ ശനിയാഴ്ച നാടകീയമായി തൃണമൂൽ കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെയും വക്താവ് ഡെറക് ഒബ്രയന്റെയും സാന്നിധ്യത്തിൽ അദ്ദേഹം കൂടുമാറി.

അസൻസോളിൽ നിന്നുള്ള എം.പി.യായ ബാബുൽ സുപ്രിയോ തത്‌സ്ഥാനം രാജിവെക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രണ്ടു ദിവസം മുൻപ് തൃണമൂൽ രാജ്യസഭാ എം.പി. അർപ്പിത ഘോഷ് രാജിവെച്ച ഒഴിവിൽ അദ്ദേഹം മത്സരിക്കാൻ സാധ്യതയുണ്ടെന്നും കേൾക്കുന്നു.

വിശ്വാസവഞ്ചനയാണ് സുപ്രിയോ കാണിച്ചതെന്ന് ബി.ജെ.പി. വിമർശിച്ചു. കേന്ദ്രമന്ത്രിസ്ഥാനം പോയ ഉടൻ പാർട്ടിവിട്ടത് ഇത്രയുംകാലം സ്ഥാനമാനങ്ങൾക്ക് വേണ്ടിമാത്രമാണ് പാർട്ടിയിൽ തുടർന്നത് എന്നതിന്റെ സൂചനയാണെന്ന് ബി.ജെ.പി. വക്താവ് ഷമിക് ഭട്ടാചാര്യ പറഞ്ഞു.

ബി.ജെ.പി.യിലെ നാല് എം.എൽ.എ.മാരാണ് ഈയിടെ പാർട്ടിയിൽ നിന്ന് രാജിവെച്ച് തൃണമൂൽ പാളയത്തിലെത്തിയത്.