ബെംഗളൂരു: കർണാടകത്തിൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിനായി കോൺഗ്രസ് നിയോഗിച്ച കൺസൽട്ടൻസി കമ്പനിയുൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന. ബെംഗളൂരു, സൂറത്ത്, ചണ്ഡീഗഢ് എന്നിവിടങ്ങളിലായി ഏഴിടങ്ങളിലാണ് പരിശോധന നടന്നത്. കണക്കിൽപ്പെടാത്ത നിക്ഷേപങ്ങൾ കണ്ടെത്തിയതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു പ്രചാരണ തന്ത്രം മെനയാൻ കെ.പി.സി.സി. അധ്യക്ഷൻ ഡി.കെ. ശിവകുമാർ ചുമതലപ്പെടുത്തിയ ‘ഡിസൈൻബോക്സ്ഡ് ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയിലാണ് പരിശോധന നടത്തിയത്. എന്നാൽ, പരിശോധനയിൽ കണക്കിൽപ്പെടാത്ത സ്വത്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ‘ഡിസൈൻബോക്സ്ഡ് ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ്’ സഹസ്ഥാപകൻ നരേഷ് അറോറ അറിയിച്ചു. പ്രതിപക്ഷത്തിനുവേണ്ടി പ്രവർത്തിക്കുന്നതിനാലാണ് തന്നെയും സഹപ്രവർത്തകരെയും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.