ന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകരുടെ ആവശ്യങ്ങൾ പരിഹരിക്കാതെ ബി.ജെ.പി.ക്ക് അധികാരത്തിൽ തിരിച്ചുവരാനാകില്ലെന്ന് ബി.ജെ.പി. നേതാവും മേഘാലയ ഗവർണറുമായ സത്യപാൽ മാലിക്. രാജസ്ഥാനിലെ ജുൻജുനുവിൽ പ്രാദേശിക പത്രപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗവർണർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലെ ഗ്രാമങ്ങളിലേക്ക് ബി.ജെ.പി. നേതാക്കൾക്ക് പ്രവേശിക്കാനാവാത്ത സ്ഥിതിയാണ്. താൻ ഉത്തർപ്രദേശിലെ മീററ്റ് നിവാസിയാണെന്നും തന്റെ പ്രദേശത്ത് ബി.ജെ.പി. നേതാക്കൾക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കർഷകരെ പിന്തുണച്ച് ഗവർണർ സ്ഥാനം രാജിവെക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, താൻ എക്കാലത്തും കർഷകർക്കൊപ്പമാണെന്നും ഇപ്പോൾ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ആവശ്യമുണ്ടെങ്കിൽ അതിനു മടിയില്ലെന്നും ഗവർണർ പറഞ്ഞു. കർഷക സമരത്തിന്റെ പേരിൽ ഒട്ടേറെ ബി.ജെ.പി. നേതാക്കളുമായി തനിക്ക് പോരടിക്കേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിളകൾക്ക് താങ്ങുവില നിയമപരമായി സർക്കാർ ഉറപ്പുനൽകിയാൽ പ്രശ്നങ്ങൾ അവസാനിക്കും. സർക്കാർ നിർദേശിക്കുകയാണെങ്കിൽ കർഷകർക്കും സർക്കാരിനുമിടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

താൻ ജമ്മുകശ്മീർ ഗവർണറായിരുന്ന കാലത്ത് ഭീകരർ ശ്രീനഗറിന്റെ 50-100 കിലോമീറ്ററിനുള്ളിൽ കടക്കില്ലായിരുന്നു. ഇപ്പോൾ ഭീകരവാദികൾ അവിടെ പാവങ്ങളെ കൊല്ലുകയാണെന്ന് അദ്ദേഹം പറഞ്ഞു.