ബെംഗളൂരു: രാജ്യത്തെ വളർന്നുവരുന്ന 50 സോഫ്റ്റ്‌വെയർ സ്റ്റാർട്ടപ്പുകൾക്കുള്ള ‘നാസ്‌കോ’(നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസ് കമ്പനീസ്)മിന്റെ ‘എമർജ് -50’ അവാർഡിന് മലയാളിയുടെ സംരംഭമായ ‘ലൈറ്റ് വിങ്’ അർഹമായി. എന്റർപ്രൈസ് വിഭാഗത്തിലാണ് അവാർഡ്. തൃശ്ശൂർ സ്വദേശി കെ.എൻ. നവനീതും സുഹൃത്തായ ബെംഗളൂരു സ്വദേശി രവിതേജ് യാദലവും സംയുക്തമായി 2018 അവസാനമാണ് സംരംഭം തുടങ്ങിയത്.

സോഫ്റ്റ്‌വെയർ മേഖലയിലുള്ള കമ്പനികളുടെ ‘ക്ലൗഡ്’ ഉപയോഗം ഗുണപരമാക്കി, ബില്ലിങ് കാര്യമായി കുറയ്ക്കുന്ന ഇന്ത്യയിലെ ഏക സോഫ്റ്റ്‌വെയർ ഉത്പന്നമാണ് ‘ലൈറ്റ് വിങ്’. ബെംഗളൂരു ജയനഗർ ആസ്ഥാനമാക്കിയാണ് സ്റ്റാർട്ടപ്പ് കമ്പനി പ്രവർത്തിക്കുന്നത്. നവംബർ 11-ന് ഓൺലൈനായി നടന്ന ചടങ്ങിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. കംപ്യൂട്ടർ സയൻസ് ബിരുദധാരികളായ ഇരുവരും പത്തുവർഷത്തോളം വിവിധ കമ്പനികളിൽ ജോലിചെയ്തശേഷമാണ് സ്വന്തം സംരംഭം തുടങ്ങിയത്. ഈ വർഷം 700-ഓളം അപേക്ഷകളിൽനിന്ന് ഉത്പന്നമികവ്, വിപണിമികവ്, ബിസിനസ് മികവ്, സാങ്കേതികമികവ് തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാണ് പുരസ്കാരത്തിനർഹമായ സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്തത്.