ഗാന്ധിനഗർ: ഗുജറാത്തിൽ ടൗട്ടേ ചുഴലിക്കാറ്റ് പ്രതീക്ഷിച്ച അപകടമുണ്ടാക്കിയില്ല. ചൊവ്വാഴ്ചയോടെ ശക്തിക്ഷയിച്ച കാറ്റ് സംസ്ഥാനത്തിന്റെ വടക്കേ മേഖലയായ സൗരാഷ്ട്രയിൽ തുടരുകയാണ്. മണിക്കൂറിൽ 190 കിലോമീറ്ററിൽ വീശിയടിച്ച കാറ്റിന്റെ വേഗം 70-80 കിലോമീറ്ററായി കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയിലും കാറ്റിലും സംസ്ഥാനത്ത് ഏഴുപേർക്ക് ജീവൻ നഷ്ടമായി. വെരാവൽ തുറമുഖത്തിന്റെ തീരത്തുനിന്ന്‌ കടലിലേക്ക് മീൻപിടിക്കാൻ പോയ എട്ടുപേരെ ഇന്ത്യൻ തീരസംരക്ഷണസേന രക്ഷപ്പെടുത്തി.

കാറ്റ് പൂർണമായും സംസ്ഥാനം വിടാത്തതിനാൽ സൗരാഷ്ട്രയുടെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും കനത്ത മഴയും ലഭിച്ചു. ബാഗസാര തെഹ്‌സിലാണ് ഏറ്റവും കൂടുതൽ മഴ(ഒമ്പത് ഇഞ്ച്) ലഭിച്ചത്.

രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു. രണ്ടു ലക്ഷത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.

മഹാരാഷ്ട്രയിൽ വിവിധ പ്രദേശങ്ങളിലായി രണ്ടു ദിവസത്തിനിടെ 14 പേർ മരിച്ചു. 11 കെട്ടിടങ്ങൾ പൂർണമായും തകർന്നപ്പോൾ 3700-ലധികം കെട്ടിടങ്ങൾക്ക് കേടുപാടുകൾ പറ്റി. ഇതിൽ 1800-ഓളം റായ്ഗഢ് ജില്ലയിലാണ്. തിങ്കളാഴ്ച കാലത്ത് എട്ടരമുതൽ ചൊവ്വാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ മുംബൈയിൽ പല പ്രദേശത്തും 300 മില്ലീമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. മുംബൈയിൽ മേയ് മാസത്തിൽ ഇത്രയധികം മഴ മുമ്പുണ്ടായിട്ടില്ല. ചൊവ്വാഴ്ച കാര്യമായി മഴയുണ്ടായില്ലെങ്കിലും കാലത്ത് സാമാന്യം ശക്തിയോടെ കാറ്റ് വീശിയിരുന്നു.