ന്യൂഡൽഹി: സംസ്ഥാനത്ത് രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ 75 പേരിലേറെ പങ്കെടുക്കാൻ അനുവദിക്കരുതെന്നുകാട്ടി സുപ്രീംകോടതിയിൽ ഹർജി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സെൻട്രൽ സ്റ്റേഡിയത്തിൽ ചടങ്ങ് നടത്തുന്നതെന്നുകാട്ടി പൊതുപ്രവർത്തകനായ കെ.എം. ഷാജഹാനാണ് സുപ്രീംകോടതിയെ സമീപിച്ചത്.

അഞ്ഞൂറുപേരെ പങ്കെടുപ്പിച്ച് ചടങ്ങുനടത്താനുള്ള തീരുമാനം പിൻവലിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകണമെന്ന് അഡ്വ. ഉഷ നന്ദിനിവഴി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. സ്റ്റേഡിയത്തിൽ 75 പേരിലധികം പാടില്ലെന്ന് ഉറപ്പാക്കുക, അല്ലെങ്കിൽ ചടങ്ങ് വെർച്വലായോ രാജ്ഭവനിൽവെച്ചോ നടത്തണം എന്നീയാവശ്യങ്ങളാണ് ഉന്നയിച്ചത്.

തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗണാണെന്നും സർക്കാരിന്റെതന്നെ വിവിധ ഉത്തരവുകൾക്കെതിരാണ് സത്യപ്രതിജ്ഞാച്ചടങ്ങെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഇടക്കാല അപേക്ഷയും നൽകിയിട്ടുണ്ട്.