ചണ്ഡിഗഢ്: വിവാഹം കഴിക്കാതെ ഒരുമിച്ചുകഴിയുന്നത് ധാർമികമായും സാമൂഹികമായും അംഗീകരിക്കാനാവില്ലെന്ന് പഞ്ചാബ്-ഹരിയാണ ഹൈക്കോടതി. ഒളിച്ചോടിപ്പോയി ഒരുമിച്ചുപാർക്കുന്ന ഗുൽസ കുമാരി (19), ഗുർവീന്ദർ സിങ് (22) എന്നിവർ സംരക്ഷണമാവശ്യപ്പെട്ടു നൽകിയ പരാതിയിലാണ് ജസ്റ്റിസ് എച്ച്.എസ്. മദാന്റെ നിരീക്ഷണം. ഗുൽസയുടെ രക്ഷിതാക്കൾ അപകടപ്പെടുത്താനിടയുണ്ടെന്നു പറഞ്ഞാണ് ഇവർ കോടതിയെ സമീപിച്ചത്.

സഹജീവനത്തിന് അംഗീകാരം തേടിയാണ് ഇവരെത്തിയതെന്നും അത് ധാർമികമായും സാമൂഹികമായും അംഗീകരിക്കാനാവാത്തതിനാൽ സംരക്ഷണം അനുവദിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. പരാതി കോടതി തള്ളുകയും ചെയ്തു. ഗുൽസയുടെ പ്രായം തെളിയിക്കുന്ന രേഖകളും മറ്റും അവരുടെ കുടുംബത്തിന്റെ കൈയിലായതിനാലാണ് ഇവർക്ക് വിവാഹിതരാകാൻ കഴിയാത്തതെന്ന് പരാതിക്കാരുടെ അഭിഭാഷകൻ ജെ.എസ്. ഠാക്കൂർ പറഞ്ഞു.