ചെന്നൈ: കോവിഡ് ചികിത്സയിലെ പ്രയാസങ്ങൾ മറികടക്കാൻ തമിഴ്നാട്ടിൽ വാക്സിൻ നിർമാണകേന്ദ്രങ്ങളും ഓക്സിജൻ പ്ലാന്റുകളും നിർമിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഹൈടെക് ഉപകരണങ്ങൾ, ചികിത്സക്കായുള്ള മരുന്നുകൾ എന്നിവയുടെ നിർമാണവും തുടങ്ങും.

ജീവൻരക്ഷാ മരുന്നുകളും ഉപകരണങ്ങളും നിർമിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക്‌ മുഖ്യമന്ത്രി നിർദേശം നൽകി. നിർമാണ സംരംഭത്തിനായി ഇന്ത്യയിലെയും വിദേശത്തെയും കമ്പനികളെ ക്ഷണിച്ചു. താത്‌പര്യമുള്ള കമ്പനികൾ മേയ് 31- നകം സർക്കാരുമായി ബന്ധപ്പെടണം. അപേക്ഷ പരിശോധിച്ച ശേഷം ഓക്സിജനും വാക്സിനും ഉത്പാദിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കും. കമ്പനികൾക്ക് വ്യവസായ വകുപ്പിന്റെ കീഴിലുള്ള തമിഴ്നാട് വ്യവസായ വികസന കോർപ്പറേഷൻ (ടിഡ്കോ) എല്ലാ സഹായങ്ങളും സൗകര്യങ്ങളും നൽകും. കുറഞ്ഞത് 50- കോടി രൂപ നിക്ഷേപിക്കാൻ തയ്യാറുള്ള കമ്പനികളെയാണ് തിരഞ്ഞെടുക്കുക. തമിഴ്‌നാട് സർക്കാരുമായി സംയുക്ത സംരംഭമായിട്ടായിരിക്കും പ്രവർത്തനം. ഉത്പാദന യൂണിറ്റുകൾ ടിഡ്‌കോ സ്ഥാപിച്ചു നൽകുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.