കൊൽക്കത്ത: നാരദാകേസിൽ തിങ്കളാഴ്ച സി.ബി.ഐ. അറസ്റ്റുചെയ്ത പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് എം.എൽ.എ. മദൻ മിത്ര, തൃണമൂൽ മുൻനേതാവ് സോവൻ ചാറ്റർജി എന്നിവരെ ശ്വസതടസ്സത്തെത്തുടർന്ന് കൊൽക്കത്തയിലെ എസ്.എസ്.കെ.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെയും ഒപ്പം അറസ്റ്റിലായ സംസ്ഥാന മന്ത്രിമാരായ സുബ്രത മുഖർജി, ഫിർഹാദ് ഹക്കിം എന്നിവരെയും തിങ്കളാഴ്ചരാത്രി കൊൽക്കത്തയിലെ ജയിലിലേക്ക്‌ മാറ്റിയിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെ ശ്വാസതടസ്സം അനുഭവപ്പെട്ട മിത്രയെയും ചാറ്റർജിയെയും ആശുപത്രിയിലെത്തിച്ചു. ഇരുവർക്കും ഓക്സിജൻ നൽകി. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു. ജയിലിൽ രോഗബാധിതനായ സുബ്രത മുഖർജിയെയും ചൊവ്വാഴ്ച പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു. കിടത്തിച്ചികിത്സ ആവശ്യമില്ലാത്തതിനാൽ തിരികെ ജയിലിലേക്കുകൊണ്ടുപോയി.

കേസിൽ പ്രതികളായ മറ്റുള്ളവരെ ചോദ്യംചെയ്യാൻ ലോക്‌സഭാ സ്പീക്കറുടെ അനുമതി കാക്കുകയാണ് സി.ബി.ഐ. സംഭവം നടക്കുമ്പോൾ എം.പി.മാരായിരുന്നവരാണിവർ. തൃണമൂൽവിട്ട് ബി.ജെ.പി.യിൽ ചേർന്ന് ഇപ്പോൾ എം.എൽ.എ.യായ സുവേന്ദു അധികാരിയും സൗഗത റോയിയും ഇവരിലുൾപ്പെടും. ഇവരെയും പ്രസൂൺ ബാനർജി, കകാലി ഘോഷ് ദസ്തിദാർ എന്നിവരെയും ചോദ്യംചെയ്യാനാണ് സ്പീക്കറുടെ അനുമതി തേടിയിരിക്കുന്നത്. ബി.ജെ.പി.യിൽ ചേർന്നതുകൊണ്ടാണ് സുവേന്ദുവിനെയും സൗഗതയെയും അറസ്റ്റുചെയ്യാതിരുന്നെതെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് ആരോപിച്ചു.