ന്യൂഡൽഹി: കൊറോണ വൈറസിന്റെ സിങ്കപ്പൂരിൽ കണ്ടെത്തിയ വകഭേദം ഇന്ത്യയിൽ കോവിഡിന്റെ മൂന്നാംതരംഗത്തിന് കാരണമായേക്കുമെന്ന മുന്നറിയിപ്പുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കുട്ടികളിൽ രോഗമുണ്ടാക്കുന്ന ഈ വകഭേദം വളരെ വേഗം വ്യാപിക്കുമെന്നതിനാൽ സിങ്കപ്പൂരിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനസർവീസ് ഉടൻ നിർത്തുകയും കുട്ടികളിൽ പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

മൂന്നാംതരംഗം കുട്ടികളെ ബാധിച്ചേക്കുമെന്ന് വിദഗ്‌ധർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഒന്നാംതരംഗം പ്രായമായവരെയാണ് കൂടുതലായും ബാധിച്ചത്. നിലവിലെ രണ്ടാംതരംഗത്തിൽ മുതിർന്നവരിലും ചെറുപ്പക്കാരിലും കോവിഡ് വ്യാപകമാണ്. മുതിർന്നവർ വാക്സിൻ സ്വീകരിക്കുകയും പ്രതിരോധശേഷി കൈവരിക്കുകയും ചെയ്തുകൊണ്ടിരിക്കേ അടുത്തഘട്ടത്തിൽ വൈറസ് കുട്ടികളെ ബാധിച്ചേക്കുമെന്ന് പ്രമുഖ ഹൃദ്രോഗവിദഗ്‌ധൻ ഡോ. ദേവി ഷെട്ടി കഴിഞ്ഞദിവസം മുന്നറിയിപ്പു നൽകിയിരുന്നു.