ചെന്നൈ: നടൻ വിവേകിന്റെ മരണത്തിൽ അഭ്യൂഹം പ്രചരിപ്പിച്ചാൽ നടപടിയെടുക്കുമെന്ന് ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ ജി. പ്രകാശ് അറിയിച്ചു. വിവേകിന്റെ മരണത്തെ കോവിഡ് വാക്സിൻ സ്വീകരിച്ചതുമായി ബന്ധപ്പെടുത്തി പ്രചാരണങ്ങൾ വ്യാപകമാകുന്നതിനിടെയാണ് മുന്നറിയിപ്പ്. കോവിഡ് വാക്സിനുമായി മരണത്തിന് ബന്ധമില്ലെന്ന് വ്യക്തമാക്കിയതാണ്. മികച്ച വ്യക്തിത്വത്തിനുടമയായ വിവേകിന്റെ വിയോഗം ദൗർഭാഗ്യകരമാണ്. കോവിഡ് വാക്സിനെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമപരമായ നടപടിയെടുക്കും. അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചാൽ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, വിവേകിന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കാൻ തയ്യാറായ തമിഴ്നാട് സർക്കാരിനു കുടുംബം നന്ദി അറിയിച്ചു. വിവേകിന്റെ ഭാര്യ അരുൾസെൽവിയാണ് നന്ദി അറിയിച്ചത്. കേന്ദ്രസർക്കാരിനും വിവേകിന് അന്ത്യാഞ്ജലിയർപ്പിക്കാൻ സാലിഗ്രാമത്തെ വീട്ടിലെത്തിയ ആരാധകർക്കും അവർ നന്ദി പറഞ്ഞു. രാജ്യം പദ്മശ്രീ നൽകി ആദരിച്ച വിവേകിന്റെ ശവസംസ്കാരം ശനിയാഴ്ച ഔദ്യോഗിക ബഹുമതികളോടെയാണ് നടന്നത്. ഹൃദയാഘാതത്തെത്തുടർന്ന് ശനിയാഴ്ച പുലർച്ചെയാണ് വിവേകിന്റെ (59) അന്ത്യം.