ബെംഗളൂരു: കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്ന് കരിഞ്ചന്തയിൽ വിൽക്കാൻശ്രമിച്ച മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. ബെംഗളൂരു സ്വദേശികളായ രാജേഷ്, ഷക്കീബ്, സൊഹൈൽ എന്നിവരാണ് അറസ്റ്റിലായത്. ഗുരുശ്രീ മെഡിക്കൽസ് നടത്തിവരുന്ന രാജേഷിനും ഷക്കീബിനുമെതിരേ സുദ്ഗുണ്ടെപാളയ പോലീസും സൊഹൈലിനെതിരേ മഡിവാള പോലീസും കേസ് രജിസ്റ്റർ ചെയ്തു.

റെംഡെസിവിർ കരിഞ്ചന്തയിൽ വിൽക്കുന്നുവെന്ന വിവരത്തെത്തുടർന്ന് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടത്തിയപ്പോഴാണ് മൂന്നുപേർ പിടിയിലായത്.

കേന്ദ്രസർക്കാർ നിശ്ചയിച്ച വിലയുടെ മൂന്നുമടങ്ങ് വിലയ്ക്കായിരുന്നു ഇവർ മരുന്ന് വിറ്റിരുന്നത്. ഒരു വയാലിന് 3500 രൂപയാണ് കേന്ദ്രസർക്കാർ നിശ്ചയിച്ച വില. എന്നാൽ, 10,500 രൂപയാണ് പ്രതികൾ ഈടാക്കിയത്. പ്രതികളിൽനിന്ന് 11 വയാൽ മരുന്ന് പിടിച്ചെടുത്തതായി പോലീസ് ജോയന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. ഇവർക്ക് എവിടെനിന്നാണ് റെംഡെസിവിർ ലഭിച്ചതെന്നതുസംബന്ധിച്ച കൂടുതൽ അന്വേഷണം നടത്തിവരുന്നതായി പോലീസ് പറഞ്ഞു. ബെംഗളൂരുവിലെ ആശുപത്രികളിൽ റെംഡെസിവിർ ക്ഷാമം അനുഭവപ്പെടുന്നുവെന്ന് അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന് 80,000 വയാൽ റെംഡെസിവിറിന് സർക്കാർ കരാർ കൊടുത്തിട്ടുണ്ട്. റെംഡെസിവിർ കരിഞ്ചന്തയിൽ വിൽക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ മുന്നറിയിപ്പ് നൽകി.