ബെംഗളൂരു: ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഒരു വിദ്യാർഥിയെക്കൂടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മൂന്നാംവർഷ ബിരുദവിദ്യാർഥി രാജസ്ഥാൻ സ്വദേശി റിഷഭരാജ് മെഷാറാം(21) ആണ് മരിച്ചത്. ഐ.ഐ.എസ്‌സി.യിൽ മൂന്നുദിവസത്തിനിടെയുണ്ടായ രണ്ടാമത്തെ ആത്മഹത്യയാണിത്.

ചൊവ്വാഴ്ചരാത്രിയാണ് വിദ്യാർഥി മരിച്ചതെങ്കിലും വിവരം പുറത്തറിയുന്നത് വ്യാഴാഴ്ചയോടെയാണ്. ഫോൺ വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനെത്തുടർന്ന് വിദ്യാർഥിയുടെ അച്ഛൻ അറിയിച്ചതിനെത്തുടർന്ന് ഹോസ്റ്റൽമുറി തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. രക്ഷിതാക്കൾക്കും സുഹൃത്തുക്കൾക്കുമായെഴുതിയ രണ്ട് ആത്മഹത്യക്കുറിപ്പുകൾ കണ്ടെടുത്തതായി സദാശിവനഗർ പോലീസ് പറഞ്ഞു.

റിഷഭരാജ് കടുത്ത മാനസികസമ്മർദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. കൗൺസലിങ്ങിനായി ഡോക്ടറെ കണ്ടെങ്കിലും വീട്ടിലേക്ക് മടങ്ങാൻ നിർദേശിക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ഓർഗാനിക് കെമിസ്ട്രി വിഭാഗത്തിലെ ഗവേഷകവിദ്യാർഥി കൊൽക്കത്ത സ്വദേശി രാജർഷി ഭട്ടാചാര്യയെ ഹോസ്റ്റൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

കോവിഡ് നിയന്ത്രണങ്ങൾ വന്നശേഷം ആറാമത്തെ വിദ്യാർഥിയാണ് ഐ.ഐ.എസ്‌സി.യിൽ ഇപ്പോൾ ജീവനൊടുക്കിയത്. പഠനത്തോടൊപ്പം കോവിഡ് നിയന്ത്രണങ്ങളും വന്നതോടെ കാമ്പസിൽ പലരും കടുത്ത മാനസികസമ്മർദത്തിലാണെന്ന് വിദ്യാർഥികൾ പറയുന്നു.