ന്യൂഡൽഹി: കോവിഡ് അനുബന്ധപ്രശ്നങ്ങളെത്തുടർന്ന് കൊൽക്കത്തയിൽ അന്തരിച്ച സി.പി.എം. ത്രിപുര സംസ്ഥാന സെക്രട്ടറി ഗൗതം ദാസിന്(70) അഗർത്തലയിൽ വൻജനാവലിയുടെ ശ്രദ്ധാഞ്ജലി.

വ്യാഴാഴ്ച അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെയാണ് അഗർത്തലയിലെത്തിച്ചത്. ഉച്ചയ്ക്ക് മുൻമുഖ്യമന്ത്രി മണിക് സർക്കാരുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നൂറുകണക്കിനുപേർ പങ്കെടുത്ത വിലാപയാത്ര നടന്നു. തുടർന്ന് ബട്ടാല ശ്മശാനത്തിൽ സംസ്കാരം നടന്നു.

ലാളിത്യവും പാർട്ടിയോടുള്ള പ്രതിബദ്ധതയും നിറഞ്ഞതായിരുന്നു കേന്ദ്രകമ്മിറ്റി അംഗമായ ഗൗതം ദാസിന്റെ ജീവിതമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അനുശോചനസന്ദേശത്തിൽ പറഞ്ഞു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് ഗൗതം ദാസിന്റെ രാഷ്ട്രീയരംഗപ്രവേശം. കോളേജിൽ പഠിക്കുമ്പോൾ പാർട്ടി മുഖവാരികയായ ദേശർകഥയുമായി ചേർന്നു പ്രവർത്തിച്ചു. 1979-ൽ ദേശർകഥ ദിനപത്രമാവുമ്പോൾ സ്ഥാപക പത്രാധിപരായി. 2015 വരെ ആ സ്ഥാനത്തു തുടർന്നു. അഗർത്തല പ്രസ് ക്ലബ്ബും സാംസ്കാരികസംഘടനയായ ത്രിപുര സംസ്കൃതി സമന്വയ കേന്ദ്രയുമൊക്കെ രൂപവത്കരിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. 1968-ൽ സി.പി.എം. അംഗമായി. 2018-ൽ സംസ്ഥാന സെക്രട്ടറിയായി. തപതിസെന്നാണ് ഗൗതം ദാസിന്റെ ഭാര്യ. സ്വഗത ദാസ് മകൾ.

ഗൗതം ദാസിന്റെ മരണത്തിൽ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബും അനുശോചിച്ചു.