പുണെ: വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ പ്രൊഫ. താണു പദ്‌മനാഭൻ (64) അന്തരിച്ചു. പുണെയിലെ വീട്ടിൽ വെള്ളിയാഴ്ച ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരം സ്വദേശിയാണ്.

താപഗതിഗത്തെ അടിസ്ഥാനമാക്കി സാമാന്യാപേക്ഷികതാ സിദ്ധാന്തത്തെ വികസിപ്പിച്ച് ഭൗതികശാസ്ത്രത്തിന് സുപ്രധാന സംഭാവന നൽകിയിട്ടുണ്ട് താണു പദ്‌മനാഭൻ. നക്ഷത്ര ഭൗതിക, പ്രപഞ്ച വിജ്ഞാനീയശാഖകളിൽ അതുല്യമായ വിജ്ഞാനസമ്പത്തിന് ഉടമയായിരുന്നു. പ്രപഞ്ച വിജ്ഞാനമേഖലയിൽ ഇരുണ്ട ഊർജം സംബന്ധിച്ച മൗലികസിദ്ധാന്തങ്ങളിലൂടെ ലോകശ്രദ്ധ ആകർഷിച്ച ഗവേഷകനാണ്. ഗുരുത്വസിദ്ധാന്തം, പ്രപഞ്ചത്തിന്റെ ഘടനാ രൂപവത്കരണം, ക്വാണ്ടം ഗുരുത്വം എന്നിവയുമായി ബന്ധപ്പെട്ട് നിർണായകസംഭാവനകൾ നൽകിയിട്ടുണ്ട്. പുണെയിൽ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ആസ്‌ട്രോണമി ആൻഡ് ആസ്‌ട്രോഫിസിക്സ് (അയൂക്ക) അക്കാദമിക് വിഭാഗം ഡീനായിരുന്നു. ഇവിടത്തെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്നതിനിടയിലാണ് അന്ത്യം.

തലേദിവസം രാത്രിതന്നെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നെന്ന് സഹപ്രവർത്തകനും മലയാളി ശാസ്ത്രജ്ഞനുമായ പ്രൊഫ. രാംപ്രകാശ് പറഞ്ഞു. രാവിലെ ഒമ്പതോടെ കുഴഞ്ഞുവീണ താണു പദ്മനാഭനെ ഔന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എത്തിച്ചെങ്കിലും രാവിലെ പത്തരയോടെ മരണം സ്ഥിരീകരിച്ചു.

തിരുവനന്തപുരത്ത് വനംവകുപ്പിൽ സൂപ്രണ്ടായിരുന്ന താണു അയ്യരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. പ്രാഥമികവിദ്യാഭ്യാസം കരമന ഗവൺമെന്റ് ഹൈസ്കൂൾ, ഗവൺമെന്റ് ആർട്സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് ഫിസിക്സിൽ ബി.എസ്‌സി.യും സ്വർണമെഡലോടെ എം.എസ്.സി.യും കരസ്ഥമാക്കി. മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ (ടി.ഐ.എഫ്.ആർ.) നിന്ന് പിഎച്ച്.ഡി. നേടി.

ഇരുപതാം വയസ്സിൽ വിദ്യാർഥിയായിരിക്കേതന്നെ ആപേക്ഷികതാ സിദ്ധാന്തം സംബന്ധിച്ച് തന്റെ ആദ്യ ഗവേഷണ പ്രബന്ധം പദ്മനാഭൻ തയ്യാറാക്കിയിരുന്നു. സ്വിറ്റ്‌സർലൻഡിലെ പ്രസിദ്ധ കണികാഭൗതിക ഗവേഷണ കേന്ദ്രമായ സേൺ (സി.ഇ.ആർ.എൻ.), ന്യൂകാസിൽ സർവകലാശാല, ഇംപീരിയൽ കോളേജ് ലണ്ടൻ, ടെക്സസ് സർവകലാശാല, പ്രിൻസ്റ്റൺ, കാൾടെക്, കേംബ്രിജ് തുടങ്ങിയ ഉന്നത ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിൽ വിസിറ്റിങ് പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ‘ആദ്യത്തെ മൂന്നു നിമിഷങ്ങൾക്കുശേഷം നമ്മുടെ പ്രപഞ്ചത്തിന്റെ കഥ’ തുടങ്ങിയ പുസ്തകങ്ങൾ പ്രശസ്തമാണ്.

രാജ്യം പദ്മശ്രീ നൽകി ആദരിച്ച താണു പത്മനാഭന് കേരള സർക്കാരിന്റെ ഉന്നത ശാസ്ത്ര ബഹുമതിയായ കേരളാ ശാസ്ത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ യുവശാസ്ത്രജ്ഞനുള്ള പുരസ്കാരം, ബിർള ശാസ്ത്രപുരസ്കാരം, ഭട്നാഗർ പുരസ്കാരം എന്നിവയ്ക്കും അർഹനായി. അയൂക്കയിലെ റോസ് ഗാർഡനിൽ എത്തിച്ച മൃതദേഹത്തിൽ ജയന്ത് നാർലിക്കർ ഉൾപ്പെടെയുള്ള സഹപ്രവർത്തകർ ശ്രദ്ധാഞ്ജലി അർപ്പിച്ചു. വൈകുന്നേരത്തോടെ ഔന്ത് ശ്മശാനത്തിൽ അന്ത്യകർമങ്ങൾ നടന്നു.

ഭാര്യ: ഡോ. വാസന്തി പദ്‌മനാഭൻ. മകൾ: ഹംസ പദ്‌മനാഭൻ.