മുംബൈ: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടു കേസിൽ പുറത്താക്കപ്പെട്ട പോലീസ് ഓഫീസർ സച്ചിൻ വാസേയടക്കം 14 പേർക്കെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ദേശ്‌മുഖിന്റെ പേര് പ്രതിപ്പട്ടികയിലില്ല.

സച്ചിൻ വാസേയ്ക്കുപുറമേ ദേശ്‌മുഖിന്റെ പേഴ്‌സണൽ സെക്രട്ടറിയായിരുന്ന സഞ്ജീവ് പലാന്ദേ, പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന കുന്ദൻ ഷിന്ദേ എന്നിവരും ദേശ്‌മുഖിന്റെ കുടുംബം, കുടുംബവുമായി ബന്ധമുള്ള കമ്പനികൾ, ട്രസ്റ്റുകൾ എന്നിവയുമാണ് പ്രതിപ്പട്ടികയിലുള്ളത്. ദേശ്‌മുഖ് മൊഴിനൽകാൻ എത്താതിരുന്നതുകാരണമാണ് കുറ്റപത്രത്തിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്താതിരുന്നതെന്ന് ഇ.ഡി. പറയുന്നു.

മുംബൈയിലെ ബാറുകളിൽനിന്ന് എല്ലാമാസവും 100 കോടി രൂപവീതം പിരിച്ചുനൽകാൻ മന്ത്രിയായിരിക്കേ അനിൽ ദേശ്‌മുഖ് പോലീസുകാർക്ക് നിർദേശം നൽകിയെന്ന് മുംബൈ പോലീസ് കമ്മിഷണായിരുന്ന പരംബീർ സിങ് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അനധികൃത പണമിടപാടുകളെപ്പറ്റി ഇ.ഡി. അന്വേഷണം തുടങ്ങിയത്.

മുകേഷ് അംബാനിയുടെ വസതിക്കുമുന്നിൽ ബോംബുവെച്ച കേസിൽ അറസ്റ്റിലായ വാസേ, ദേശ്‌മുഖിനുവേണ്ടി ബാറുടമകളിൽനിന്ന് 4.7 കോടി രൂപ പിരിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.

സർവീസിൽ തിരിച്ചെടുക്കുന്ന കാര്യം എൻ.സി.പി. അധ്യക്ഷൻ ശരദ് പവാറിനെ ബോധ്യപ്പെടുത്തുന്നതിന് അനിൽ ദേശ്‌മുഖ് രണ്ടുകോടി രൂപ ആവശ്യപ്പെട്ടതായി വാസേ ഇ.ഡി.ക്ക്‌ മൊഴിനൽകിയിട്ടുണ്ട്. 10 ഡെപ്യൂട്ടി പോലീസ് കമ്മിഷണർമാർ ദേശ്‌മുഖിനും മന്ത്രി അനിൽ പരബിനും 40 കോടി രൂപവീതം നൽകിയതായും മൊഴിയിൽ പറയുന്നുണ്ട്. ടി.ആർ.പി. തട്ടിപ്പുകേസിൽ റിപ്പബ്ലിക് ടി.വി. മേധാവി അർണബ് ഗോസ്വാമിയെ അറസ്റ്റുചെയ്തത് ദേശ്‌മുഖിന്റെ നിർദേശപ്രകാരമായിരുന്നു എന്നും വാസേ ഇ.ഡി.യോട് പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു.

ഈ കേസിൽ അന്വേഷണത്തിന്റെ ഭാഗമായി മൊഴി നൽകാൻ എത്തണമെന്നാവശ്യപ്പെട്ട് ദേശ്‌മുഖിന് ഇ.ഡി. അഞ്ചു തവണ സമൻസ് അയച്ചിരുന്നു. എന്നാൽ, അദ്ദേഹം ഇതുവരെ ഹാജരാകാൻ തയ്യാറായിട്ടില്ല. തുടർന്ന് ഇ.ഡി. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് വർളിയിലും ഉറാനിലും ദേശ്‌മുഖ് കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന 4.21 കോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് താത്കാലികമായി കണ്ടുകെട്ടിയിട്ടുണ്ട്. ഇ.ഡി. കുറ്റപത്രം നൽകിയതിനുപിന്നാലെ വെള്ളിയാഴ്ച ദേശ്‌മുഖിന്റെ നാഗ്പുരിലെ വസതികളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നു.