ചെന്നൈ: സാമൂഹിക പരിഷ്കർത്താവ് പെരിയാർ രാമസ്വാമിയുടെ ജന്മദിനം തമിഴ്‌നാട് സർക്കാർ സാമൂഹികനീതിദിനമായി ആചരിച്ചു. പെരിയാറുടെ 143-ാം ജന്മദിനമായിരുന്ന വെള്ളിയാഴ്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ളവർ സാമൂഹികനീതി പ്രതിജ്ഞയെടുത്തു. സെക്രട്ടേറിയറ്റിലും മറ്റ്‌ സംസ്ഥാന സർക്കാർ ഓഫീസുകളിലും ജീവനക്കാർ പ്രതിജ്ഞയെടുത്തു. സാഹോദര്യം, സമത്വം, സ്വാഭിമാനം തുടങ്ങിയ തത്ത്വങ്ങൾ പിന്തുടരുമെന്നായിരുന്നു പ്രതിജ്ഞ. മന്ത്രിമാർ, എം.എൽ.എ.മാർ തുടങ്ങിയവർ സെക്രട്ടേറിയറ്റിൽനടന്ന ചടങ്ങിൽ പങ്കെടുത്തു.

പെരിയാറിന്റെ ജന്മദിനം സാമൂഹികനീതിദിനമായി ആചരിക്കുമെന്ന് ആറിനുനടന്ന നിയമസഭാസമ്മേളനത്തിലാണ് സ്റ്റാലിൻ പ്രഖ്യാപിച്ചത്. ഈ വർഷംമുതൽ ഇത് നടപ്പാക്കുമെന്നും അറിയിച്ചിരുന്നു. മുഖ്യപ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ.യും പെരിയാറുടെ നയങ്ങളോട് എതിർപ്പുണ്ടായിരുന്ന ബി.ജെ.പി.യും ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു.