ന്യൂഡൽഹി: പെരുകിവരുന്ന മതമൗലികവാദത്തിന്റെ പ്രശ്നങ്ങളാണ് അഫ്ഗാനിസ്താനിൽ ഇപ്പോൾ കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

അഫ്ഗാൻ മണ്ണ് മറ്റു രാജ്യങ്ങൾക്കെതിരെയുള്ള ഭീകരപ്രവർത്തനത്തിന് വിനിയോഗിക്കാതിരിക്കാൻ ജാഗ്രത പുലർത്തണം. മൗലികവാദവും ഭീകരപ്രവർത്തനങ്ങളും ലോകസമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത് -പ്രധാനമന്ത്രി പറഞ്ഞു. താജിക്കിസ്താൻ തലസ്ഥാനമായ ദുഷാൻബെയിൽ‍ നടക്കുന്ന ഇരുപതാം ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ (എസ്‌.സി.‌ഒ.) വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരവാദത്തിനെതിരേ പോരാടുന്നതിന് എസ്‌.സി.‌ഒ. പൊതുവായ രൂപരേഖ വികസിപ്പിക്കണം. മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള സഹകരണം വർധിപ്പിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. “എസ്‌.സി.‌ഒ.യുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ അനുയോജ്യമായ അവസരമാണിത്. സമാധാനം, സുരക്ഷ, വിശ്വാസക്കുറവ് എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളികൾ. വർധിച്ചുവരുന്ന ഭീകരവാദമാണ് ഇതിന്റെ മൂലകാരണം. അഫ്ഗാനിസ്താനിലെ സമീപകാല സംഭവങ്ങൾ ഈ വെല്ലുവിളി കൂടുതൽ വ്യക്തമാക്കി. വിഷയത്തിൽ എസ്.സി.ഒ. മുൻകൈ എടുക്കണം”. -അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരേ പോരാടാൻ ഇസ്‍ലാമിക പാരമ്പര്യവും സഹിഷ്ണുതയുമുള്ള സ്ഥാപനങ്ങളുമായി ശക്തമായ ബന്ധം സ്ഥാപിക്കണമെന്നും വിവിധ രാഷ്ട്രനേതാക്കളോട് മോദി ആഹ്വാനം ചെയ്തു.

ഇന്ത്യ, ചൈന, റഷ്യ, പാകിസ്താൻ ഉൾപ്പെടെ ഒമ്പത് രാജ്യങ്ങളുടെ കൂട്ടായ്മയാണ് എസ്.സി.ഒ.