ന്യൂഡൽഹി: പ്രത്യേക ഓഡിറ്റിങ്ങിൽനിന്ന് ഒഴിവാക്കണമെന്ന തിരുവനന്തപുരം ശ്രീ പദ്‌മനാഭസ്വാമിക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യത്തെ ഭരണസമിതി സുപ്രീംകോടതിയിൽ എതിർത്തു. ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ദൈനംദിന ചെലവുകൾകൂടി വഹിക്കാനാണ് ട്രസ്റ്റ് രൂപവത്കരിച്ചതെന്നും ഭരണസമിതി ചൂണ്ടിക്കാട്ടി. തുടർന്ന് ഇതുസംബന്ധിച്ച കേസ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വിധിപറയാൻ മാറ്റി.

ചില ക്ഷേത്രസ്വത്തുക്കൾ ട്രസ്റ്റിന്റെ കൈവശമാണെന്നും അതിനാൽ ഓഡിറ്റിങ്ങിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നും ഭരണസമിതി വാദിച്ചു. ക്ഷേത്രത്തിന്റെ ദൈനംദിന ചെലവുകൾ വഹിക്കാൻ ട്രസ്റ്റിന് നിർദേശം നൽകണം. ട്രസ്റ്റിലും ഓഡിറ്റ് നടത്തണമെന്നതുൾപ്പെടെ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം നൽകിയ ശുപാർശയെത്തുടർന്നാണ് സുപ്രീംകോടതി 25 വർഷത്തെ പ്രത്യേക ഓഡിറ്റിന് ഉത്തരവിട്ടതെന്നും ഭരണസമിതി വാദിച്ചു. എന്നാൽ, ക്ഷേത്രത്തിൽനിന്ന് വിഭിന്നമായി ട്രസ്റ്റിന് സ്വതന്ത്രസ്വഭാവമുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. തങ്ങൾ ഭരണസമിതിയുടെ കീഴിലല്ലെന്നും വാദിച്ചു.

ഓഡിറ്റിങ്ങിന് നിയോഗിക്കപ്പെട്ട സ്വകാര്യകമ്പനി വരുമാനത്തിന്റെയും ചെലവിന്റെയും രേഖകൾ നൽകാൻ ട്രസ്റ്റിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷേത്ര ഭരണത്തിലോ വസ്തുവകകളിലോ പങ്കില്ലാത്ത ട്രസ്റ്റിനെ ഓഡിറ്റിങ്ങിൽ ഉൾപ്പെടുത്താൻ കഴിയില്ല. ഇങ്ങനെ ഓഡിറ്റിങ് നടത്താൻ ഭരണസമിതിക്കും ഉപദേശകസമിതിക്കും അധികാരമില്ല. ക്ഷേത്ര ഭരണത്തിനുമാത്രമാണ് സമിതികളെന്നും ട്രസ്റ്റ് വാദിച്ചു.