ന്യൂഡൽഹി: കേരളത്തിൽ പ്ലസ്‌വൺ പരീക്ഷ സ്കൂളുകളിൽ നേരിട്ടുനടത്താൻ സുപ്രീംകോടതി അനുമതിനൽകി. പരീക്ഷ നടത്താൻ തീരുമാനിച്ചതിന് സംസ്ഥാനസർക്കാർ നൽകിയ വിശദീകരണം ബോധ്യപ്പെട്ടതായി ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോവിഡ് മൂന്നാംതരംഗസാധ്യത കണക്കിലെടുത്താണ് നേരത്തേ പരീക്ഷ സ്റ്റേചെയ്തത്. ഉടൻ മൂന്നാംതരംഗത്തിനുള്ള സാഹചര്യം ഇപ്പോൾ കാണുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

നേരിട്ട്‌ പരീക്ഷനടത്തുന്നത് ചോദ്യംചെയ്യുന്ന ഹർജി സുപ്രീംകോടതി തള്ളി. അധികൃതർ എല്ലാ മുൻകരുതലുമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കോടതി പറഞ്ഞു. കഴിഞ്ഞയാഴ്ച ഒരു ലക്ഷത്തിലേറെപ്പേർ എ.പി.ജെ. അബ്ദുൽകലാം സർവകലാശാലയുടെ പരീക്ഷയും നീറ്റ് പരീക്ഷയും മറ്റുമെഴുതിയകാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. കോടതി നേരത്തേ ഉയർത്തിയ ആശങ്കകൾക്ക് സംസ്ഥാന സർക്കാർ മറുപടി നൽകിയിട്ടില്ലെന്ന് ഹർജിക്കാർ വാദിച്ചു. എന്നാൽ, സർക്കാർ നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഓൺലൈനായി പരീക്ഷ നടത്തുന്നത് മൊബൈൽ ഫോണോ കംപ്യൂട്ടറോ ഇല്ലാത്ത വിദ്യാർഥികളെ ബാധിക്കുമെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം വിദ്യാർഥികൾക്ക് നേരത്തേ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനും സാധിച്ചിട്ടില്ല. മോഡൽ പരീക്ഷ ബോർഡിന് തുല്യമല്ലാത്തതിനാൽ അതിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ വിലയിരുത്താനാവില്ലെന്നും സംസ്ഥാന സർക്കാർ വാദിച്ചിരുന്നു.