ചെന്നൈ: അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശശികലയ്ക്കൊപ്പം ശിക്ഷിക്കപ്പെട്ട ജയലളിതയുടെ വളർത്തുമകൻ സുധാകരൻ ഒക്ടോബറിൽ ജയിൽമോചിതനാകും. ശശികലയും മറ്റൊരു പ്രതിയായ ഇളവരശിയും ജനുവരിയിൽ മോചിതരായിരുന്നു. പിഴത്തുകയായ 10 കോടി രൂപ അടയ്ക്കാതിരുന്നതിനാലാണ് സുധാകരന്റെ മോചനം വൈകിയത്. നാലുവർഷം തടവും 10 കോടി രൂപ വീതം പിഴയുമായിരുന്നു മൂന്നുപേർക്കും വിചാരണക്കോടതി വിധിച്ചത്. പിഴത്തുക അടയ്ക്കാതിരുന്നാൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നായിരുന്നു വിധി.

വിചാരണക്കാലത്ത് തമിഴ്‌നാട്ടിൽ ജയിൽവാസം അനുഭവിച്ചത് പരിഗണിച്ച് ശിക്ഷാകാലയളവിൽ ഇളവ് അനുവദിക്കാൻ സുധാകരൻ അപേക്ഷ നൽകിയിരുന്നു. ഇതുപ്രകാരം മൂന്നുമാസത്തോളം ഇളവ് അനുവദിച്ചുവെന്ന് സുധാകരനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബർ മൂന്നാം വാരത്തിലാകും ജയിൽമോചനം.

ശശികലയുടെ സഹോദരിയുടെ മകനും ടി.ടി.വി. ദിനകരന്റെ സഹോദരനുമായ സുധാകരൻ ജയലളിതയുടെ വളർത്തുമകനായിരുന്നു. അഴിമതിയുടെപേരിൽ സുധാകരനെ ജയലളിത അകറ്റിനിർത്തിയിരിക്കുകയായിരുന്നു. സുധാകരന്റെ പേരിലുള്ള 30 കോടി വിലമതിക്കുന്ന സ്വത്തുക്കൾ കഴിഞ്ഞദിവസം ആദായനികുതിവകുപ്പ് കണ്ടുകെട്ടിയിരുന്നു.