ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം പിറന്നാളിൽ ആശംസകളുടെ പ്രവാഹം. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഉൾപ്പെടെയുള്ള പ്രമുഖരും വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കളും ആശംസകളർപ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിപദത്തിൽ തുടങ്ങി പൊതുജീവിതത്തിൽ 20 വർഷം തികയ്ക്കുന്ന പ്രധാനമന്ത്രിയെ ആദരിക്കാൻ ബി.ജെ.പി. ജന്മദിനത്തിൽ 20 ദിവസത്തെ പൊതുജനസേവന പരിപാടിക്ക്‌ തുടക്കംകുറിച്ചു.

കഠിനസേവനത്തിന്റെ സത്ത ഉൾക്കൊണ്ടുള്ള രാഷ്ട്രസേവനം പ്രധാനമന്ത്രിക്ക് തുടരാൻ കഴിയട്ടെയെന്നും ആരോഗ്യകരമായ ദീർഘജീവിതം നേരുന്നതായും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശംസിച്ചു. മോദിയുടെ അനിതരസാധാരണമായ കാഴ്ചപ്പാടും ശ്രേഷ്ഠമായ നേതൃത്വവും രാജ്യത്തെ വളർച്ചയിലേക്ക് നയിച്ചതായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു.

കാലത്തിനനുസൃതമായി മുന്നേറാനുള്ള പ്രചോദനം രാജ്യത്തിന് നൽകുക മാത്രമല്ല, അത്‌ യാഥാർഥ്യമാക്കാൻ പ്രധാനമന്ത്രി കഠിനപരിശ്രമവും നടത്തിയതായി ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. രാജ്‌നാഥ് സിങ്, നിർമല സീതാരാമൻ എന്നിവരുൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാരും ആശംസകളറിയിച്ചു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ ഒട്ടേറെ പ്രതിപക്ഷനേതാക്കളും പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നു. ട്വിറ്ററിൽ ‘പിറന്നാൾ ആശംസകൾ, മോദിജി’ എന്ന് ഒറ്റവരിയിലായിരുന്നു രാഹുലിന്റെ ആശംസ. കോൺഗ്രസ് പ്രധാനമന്ത്രിയുടെ ജന്മദിനം തൊഴിലില്ലായ്മ ദിനമുൾപ്പെടെയായാണ് ആചരിച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, എൻ.സി.പി. നേതാവ് ശരത് പവാർ തുടങ്ങി രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഒട്ടേറെപേർ പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നു. സാമൂഹികമാധ്യമങ്ങളിൽ ബി.ജെ.പി. പ്രവർത്തകരുൾപ്പെടെ പൊതുസമൂഹവും ആശംസകൾ അർപ്പിച്ചു.

bbമോദി ദൈവത്തിന്റെ മറ്റൊരു രൂപമെന്ന് കേന്ദ്രമന്ത്രി പരസ്

bbജന്മദിനത്തിൽ പ്രധാനമന്ത്രിയെ ദൈവത്തിന്റെ മറ്റൊരു രൂപമായി വിശേഷിപ്പിച്ച് കേന്ദ്രമന്ത്രിയും ലോക്ജൻശക്തി പാർട്ടി നേതാവുമായ പശുപതി കുമാർ പരസ്. ‘‘അദ്ദേഹം ദൈവത്തിന്റെ മറ്റൊരു രൂപമാണ്. ആരും ദൈവത്തെ കണ്ടിട്ടില്ല. എന്നാൽ, നരേന്ദ്രമോദി നമുക്കിടയിൽ ദൈവമായുണ്ട്. രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കുന്നത് അദ്ദേഹമാണ്. വിശ്വകർമപൂജാ ദിനമായ മഹദ്‌ദിനത്തിൽത്തന്നെയാണ് പ്രധാനമന്ത്രി ജനിച്ചത്’ -പരസ് പറഞ്ഞു.