ഹൈദരാബാദ്: പാർലമെന്റംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂരിനെ കഴുതയെന്ന് വിളിച്ച സംഭവത്തിൽ തെലങ്കാന പി.സി.സി. അധ്യക്ഷൻ എ. രേവന്ത് റെഡ്ഡി മാപ്പു പറഞ്ഞു. തരൂരിനെ ഫോണിൽ വിളിച്ചാണ് റെഡ്ഡി ക്ഷമാപണം നടത്തിയത്. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ സംഭവിച്ചു പോയതാണെന്ന് റെഡ്ഡി പറഞ്ഞു.

‘ഞാൻ പരാമർശങ്ങൾ പിൻവലിക്കുന്നു. ശശി തരൂരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. മുതിർന്ന സഹപ്രവർത്തകനെന്ന നിലയിൽ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അതോടൊപ്പം എന്റെ വാക്കുകൾ അദ്ദേഹത്തെ വേദനപ്പെടുത്തിയതിൽ ഖേദിക്കുന്നു.’ -റെഡ്ഡി ട്വീറ്റ് ചെയ്തു.

രേവന്ത് റെഡ്ഡിയുടെ ട്വീറ്റിന് മറുപടിയുമായി ശശി തരൂരും രംഗത്തെത്തി. റെഡ്ഡിതന്നെ വിളിച്ച് മാപ്പ് ചോദിച്ചെന്നും അത് സ്വീകരിക്കുന്നെന്നും തരൂർ പറഞ്ഞു. തെലങ്കാനയിലും രാജ്യത്തുടനീളവും കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാന ഐ.ടി. മന്ത്രിയും ടി.ആർ.എസ്. നേതാവുമായ കെ.ടി. രാമറാവുവിനെ പ്രശംസിച്ച് തരൂർ രംഗത്തെത്തിയതാണ് പി.സി.സി. അധ്യക്ഷനെ ചൊടിപ്പിച്ചത്. ഇംഗ്ലീഷ് അറിയാവുന്നതുകൊണ്ട് മാത്രം നല്ല നേതാവാകില്ലെന്നും തരൂർ കഴുതയാണെന്നുമായിരുന്നു റെഡ്ഡിയുടെ പ്രസ്താവന. തരൂരിനെ വൈകാതെ പാർട്ടി പുറത്താക്കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു. സംഭവം വിവാദമായതോടെ മുതിർന്ന കോൺഗ്രസ് നേതാക്കളായ മനീഷ് തിവാരി, രാജീവ് അറോറ തുടങ്ങിയവർ റെഡ്ഡിക്കെതിരേ രംഗത്തെത്തിയിരുന്നു.