ന്യൂഡൽഹി: രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസുമാരാകാൻ എട്ടുപേരെ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു.

കൊൽക്കത്ത ഹൈക്കോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസായ രാജേഷ് ബിൻഡലിനെ അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശുപാർശയും ഇതിലുൾപ്പെടും. ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അകിൽ ഖുറേശിയെ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കൊളീജിയം കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തു. സീനിയോറിറ്റിയിൽ ഏറെ മുന്നിലായ ഇദ്ദേഹത്തെ വലിയ കോടതിയിൽ ചീഫ് ജസ്റ്റിസാക്കാനുള്ള കൊളീജിയത്തിന്റെ നിർദേശം, കേന്ദ്രസർക്കാർ തള്ളുകയായിരുന്നു. ഗുജറാത്ത് ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കേ അമിത് ഷാക്ക് അപ്രിയമായ വിധി പുറപ്പെടുവിച്ചതാണ് അദ്ദേഹത്തെ അനഭിമതനാക്കിയതെന്ന് ആരോപണമുയർന്നിരുന്നു.

അലഹാബാദിനു പുറമേ കൊൽക്കത്ത, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, മേഘാലയ, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ ഹൈക്കോടതികളിലാണ് പുതിയ ചീഫ്ജസ്റ്റിസുമാരെ ശുപാർശ ചെയ്തിരിക്കുന്നത്. വിവിധ ഹൈക്കോടതികളിലെ അഞ്ചു ചീഫ് ജസ്റ്റിസുമാരെയും 28 ജഡ്ജിമാരെയും സ്ഥലം മാറ്റാനും ശുപാർശയുണ്ട്. ചീഫ് ജസ്റ്റിസിനു പുറമേ, ജസ്റ്റിസുമാരായ യു.യു. ലളിത്, എ.എം. ഖാൻവിൽകർ എന്നിവരടങ്ങിയ കൊളീജിയമാണ് രണ്ടു ദിവസത്തെ യോഗത്തിനുശേഷം ശുപാർശനൽകിയത്. ജസ്റ്റിസ് രമണ കഴിഞ്ഞ ഏപ്രിലിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റശേഷം ഉന്നതകോടതികളിലെ നിയമനത്തിനായി ഇതിനകം നൂറോളം പേരെ ശുപാർശ ചെയ്തിട്ടുണ്ട്. കോടതികളിലെ ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നത് നീതിന്യായവ്യവസ്ഥയുടെ താളംതെറ്റിക്കുന്നതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയിരുന്നു.

രാജ്യത്തെ 12 ഹൈക്കോടതികളിലെ ജഡ്ജി നിയമനത്തിനായി 68 പേരെ ഒറ്റയടിക്കു ശുപാർശചെയ്തുകൊണ്ട് കൊളീജിയം ഈയിടെ റെക്കോഡിട്ടിരുന്നു. ഇവ കേന്ദ്രത്തിന്റെ പരിഗണനയിലാണ്. സുപ്രീംകോടതിയിലേക്ക് ഒൻപതു ജഡ്ജിമാരെ ശുപാർശ ചെയ്യുകയും അവയ്ക്ക് അതിവേഗം അംഗീകാരം ലഭിക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഇത്.