ന്യൂഡൽഹി: സുപ്രീംകോടതിയിലെ പെൻഷൻ കേസുകൾ നീട്ടിക്കൊണ്ടുപോകുകയും കേസ് നടക്കുന്നുണ്ടെന്ന കാരണംപറഞ്ഞ് ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന ഏർപ്പാട് അവസാനിപ്പിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പ്രധാനമന്ത്രിയോടും തൊഴിൽമന്ത്രിയോടും അഭ്യർഥിച്ചു.

മുതിർന്നപൗരന്മാരുടെ നിയമപരമായ പെൻഷൻ ആനുകൂല്യം മനഃപൂർവം നിഷേധിക്കുകയാണെന്ന് ഇരുവർക്കും നൽകിയ നിവേദനത്തിൽ അദ്ദേഹം പറഞ്ഞു. പെൻഷൻ സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കുമെന്ന് തൊഴിൽമന്ത്രി ലോക്‌സഭയിൽ ഉറപ്പുനൽകിയതാണ്. അതിനു വിരുദ്ധമായാണ് ഇ.പി.എഫ്.ഒ.യും സർക്കാരും സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. ഹൈക്കോടതിവിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ, കേസ് നിലനിൽക്കുന്നുവെന്ന കാരണംപറഞ്ഞാണ് അർഹമായ പെൻഷൻ നിഷേധിക്കുന്നത് -പ്രേമചന്ദ്രൻ പറഞ്ഞു.