ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ കർഷകപ്രക്ഷോഭകർക്ക് ഐക്യദാർഢ്യവുമായി കറുത്ത വെള്ളി ആചരിച്ച് ശിരോമണി അകാലിദൾ (എസ്.എ.ഡി).

കാർഷികനിയമങ്ങൾ പാർലമെന്റ് പാസാക്കിയതിന്റെ വാർഷികദിനംകൂടി കണക്കിലെടുത്തുള്ള പ്രതിഷേധങ്ങളിൽ രാജ്യതലസ്ഥാനം സ്തംഭിച്ചു. എസ്.എ.ഡി. നേതാവ് സുഖ്ബീർ സിങ് ബാദൽ, മുൻകേന്ദ്രമന്ത്രി ഹർസിമ്രത്ത് കൗർ തുടങ്ങിയ നേതാക്കളെ കസ്റ്റഡിയിലെടുത്തു. കർഷക ഉപരോധം നടക്കുന്ന തലസ്ഥാനാതിർത്തികളിലും പ്രതിഷേധങ്ങൾ അരങ്ങേറി.

പാർലമെന്റിനുസമീപത്തെ റക്കബ്ഗഞ്ച് ഗുരുദ്വാരയിൽനിന്ന് പ്രതിഷേധമാർച്ച് നടത്താനായിരുന്നു എസ്.എ.ഡി. തീരുമാനം. സമാധാനപരമായി പാർലമെന്റിലേക്കു മാർച്ച് നടത്തി പ്രധാനമന്ത്രിക്കു നിവേദനം നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു. എന്നാൽ, ഗുരുദ്വാരയ്ക്കു ചുറ്റും പോലീസ് കനത്ത സുരക്ഷാസന്നാഹമൊരുക്കി. ന്യൂഡൽഹിയിൽ നിരോധനാജ്ഞയും പുറപ്പെടുവിച്ചു. പ്രതിഷേധവുമായി പുറപ്പെട്ട നേതാക്കളെ കസ്റ്റഡിയിലെടുത്ത് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലാക്കി. പഞ്ചാബ് മാത്രമല്ല, രാജ്യം മുഴുവൻ മോദി സർക്കാരിനെതിരേയാണെന്ന സന്ദേശം നൽകാനാണ് തങ്ങൾ പ്രതിഷേധിച്ചതെന്ന് സുഖ്ബീർ സിങ് ബാദൽ പറഞ്ഞു.

ഡൽഹിയിലെ എല്ലാ അതിർത്തികളും പോലീസ് അടച്ചിട്ടിരിക്കുന്നതായും പഞ്ചാബികളെ ആരേയും നഗരത്തിലേക്കു കടത്തിവിടുന്നില്ലെന്നും എസ്.എ.ഡി. നേതൃത്വം ട്വിറ്ററിൽ കുറ്റപ്പെടുത്തി. ഝറോഡ കലാൻ അതിർത്തി അടച്ചിട്ടതായി ഡൽഹി പോലീസ് തന്നെ ട്വിറ്ററിൽ വ്യക്തമാക്കി. കർഷകപ്രക്ഷോഭം നടക്കുന്ന തിക്രി അതിർത്തിയോടുചേർന്ന രണ്ടു മെട്രോ സ്റ്റേഷനുകളും അടച്ചിട്ടു.

പ്രതിഷേധത്തിൽ പങ്കെടുക്കാൻ റക്കബ്ഗഞ്ജിലേക്ക്‌ ശിരോമണി അകാലിദൾ പ്രവർത്തകർ എത്തിയതിനുപുറമെ, പോലീസ് നിയന്ത്രണങ്ങളും കൂടിയായതോടെ നഗരമധ്യത്തിലെ പല റോഡുകളും ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി. ഗുരുദ്വാര റക്കബ്ഗഞ്ജ് റോഡ്, ആർ.എം.എൽ. ആശുപത്രി റോഡ്, ജി.പി.ഒ, അശോക റോഡ്, ബാബ ഖഡക് സിങ് മാർഗ് എന്നിവിടങ്ങളിലൂടെയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് ട്രാഫിക് പോലീസും യാത്രക്കാരോട് അഭ്യർഥിച്ചിരുന്നു.