മുംബൈ: പഴയ തീവണ്ടി ബോഗി ഭക്ഷണശാലയാക്കി മാറ്റിക്കൊണ്ടുള്ള മധ്യറെയിൽവേയുടെ ആദ്യസംരംഭം മുംബൈയിൽ ഒരുങ്ങുന്നു. ബോഗിവൂഗി എന്നാണ് റെസ്റ്റോറന്റിന്റെ പേര്. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ (സി.എസ്.എം.ടി.) ബോഗിവുഗി റെസ്‌റ്റോറന്റ് അടുത്തമാസം ആദ്യം പ്രവർത്തനം ആരംഭിക്കുമെന്ന് മധ്യറെയിൽവേ അധികൃതർ അറിയിച്ചു.

സസ്യ, മാംസാഹാരങ്ങൾ ഉൾപ്പെടുത്തിയായിരിക്കും റെസ്റ്റോറന്റിന്റെ പ്രവർത്തനം. നിർമാണം അന്തിമഘട്ടത്തിലാണ്. റെസ്റ്റോറന്റ് ഓൺ വീൽസ് ജനങ്ങൾക്ക് പുതിയ ഒരു അനുഭവമായിരിക്കുമെന്ന് റെയിൽവേ പറയുന്നു. ദീർഘദൂര തീവണ്ടി യാത്രക്കാരും ലോക്കൽ തീവണ്ടി യാത്രക്കാരും കൂടുതലായി എത്തുന്ന സി.എസ്.എം.ടി. സ്റ്റേഷനിൽ ഇത്തരമൊരു റെസ്റ്റോറന്റ് റെയിൽവേയ്ക്ക് വരുമാന സ്രോതസായി മാറും. സ്റ്റേഷന്റെ മുഖ്യപ്രവേശന കവാടം കടന്നെത്തി കഴിഞ്ഞാൽ പതിനെട്ടാം നമ്പർ പ്ലാറ്റ്ഫോമിനുസമീപം ഹെറിറ്റേജ് ഗല്ലിയിലാണ് റെസ്റ്റോറന്റ് ഒരുങ്ങുന്നത്. ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട പശ്ചാത്തലം ഒരുക്കിയാണ് റെസ്‌റ്റോറന്റിന്റെ രൂപകൽപ്പന. റെസ്റ്റോറന്റിന്റെ ചുറ്റും പുൽത്തകിടിവെച്ചുപിടിപ്പിക്കും. പാർക്കിങ് സംവിധാനവും ഉണ്ടായിരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. 40 പേർക്ക് ഭക്ഷണം കഴിക്കാവുന്ന വിധത്തിലാണ് കോച്ച് സംവിധാനം ചെയ്യുന്നത്.