ന്യൂഡൽഹി: പഞ്ചാബിൽ അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി 13 വിഷയങ്ങൾ സൂചിപ്പിച്ച് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചു. പഞ്ചാബ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മുൻഗണനാമേഖലകൾ വ്യക്തമാക്കിക്കൊണ്ടാണ് കത്ത്. തെറ്റുതിരുത്താനും ഉയിർത്തെഴുന്നേൽപ്പിനുമുള്ള അവസാന അവസരമാണിതെന്നും സിദ്ദു ചൂണ്ടിക്കാട്ടുന്നു.

മതനിന്ദ കേസുകളിലെ നീതി, പഞ്ചാബിലെ മയക്കുമരുന്ന് പ്രശ്നങ്ങൾ, കാർഷികപ്രശ്നങ്ങൾ, വൈദ്യുതി-തൊഴിൽ അവസരങ്ങൾ, മണൽ ഖനനം, പിന്നാക്കസമുദായത്തിന്റെ ക്ഷേമം അടക്കമുള്ളവയാണ് കത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഡൽഹിയിലെത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും കെ.സി. വേണുഗോപാലിനെയും കണ്ടശേഷമാണ് സിദ്ദു കത്ത് ട്വിറ്ററിൽ പങ്കുവെച്ചത്.

അമരീന്ദർ സിങ്ങിനെ നീക്കിയശേഷം ചരൺജിത് സിങ് ചന്നി മുഖ്യമന്ത്രിയാകുകയും മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും ചെയ്തതിനുപിന്നാലെ കഴിഞ്ഞമാസം പി.സി.സി. അധ്യക്ഷസ്ഥാനം രാജിവെക്കുകയാണെന്ന് സിദ്ദു ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാൽ, പാർട്ടി ഹൈക്കമാൻഡ് സിദ്ദുവിന്റെ രാജി സ്വീകരിച്ചില്ല. തുടർന്ന്, പാർട്ടിയധ്യക്ഷ സോണിയാഗാന്ധി, പ്രിയങ്ക, രാഹുൽ എന്നിവരിൽ പൂർണവിശ്വാസമുണ്ടെന്നും അവർ എന്ത് തീരുമാനമെടുത്താലും അത് കോൺഗ്രസിന്റെയും പഞ്ചാബിന്റെയും അഭിവൃദ്ധിക്കായിരിക്കുമെന്നും അവരുടെ നിർദേശങ്ങൾ പാലിക്കുമെന്നും സിദ്ദു പറഞ്ഞിരുന്നു.