ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യസഖ്യകക്ഷിയായ ഡി.എം.കെ.യുമായി സീറ്റിന്റെ പേരിൽ വിശപേശൽ നടത്തില്ലെന്ന് കോൺഗ്രസ്. സീറ്റ് ചർച്ചകൾ യാഥാർഥ്യബോധത്തോടെ നടത്തുമെന്നും തമിഴ്‌നാട്ടിൽ പാർട്ടിയുടെ ചുമതലയുള്ള എ.ഐ.സി.സി. അംഗം ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിനെ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തെത്തിക്കാൻ കോൺഗ്രസ് പ്രയത്നിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ആദ്യമായി നിർദേശിച്ചത് സ്റ്റാലിനാണെന്നും ഗുണ്ടുറാവു ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ. സഖ്യത്തിൽ കോൺഗ്രസ് മത്സരിച്ചത് 41 സീറ്റുകളിലാണ്. ഇതിൽ എട്ടെണ്ണത്തിലാണ് വിജയിച്ചത്. തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ അന്നത്തെ ടി.എൻ.സി.സി. അധ്യക്ഷൻ ഇ.വി.കെ.എസ്. ഇളങ്കോവന് സ്ഥാനമൊഴിയേണ്ടിയും വന്നു. വിജയസാധ്യത കുറഞ്ഞ സീറ്റുകളാണ് ലഭിച്ചതെന്ന ആക്ഷേപവും കോൺഗ്രസിനുണ്ടായിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലും പുതിച്ചേരിലുമായുള്ള 40 സീറ്റുകളിൽ 10 സീറ്റുകൾ കോൺഗ്രസിന് ലഭിച്ചിരുന്നു. ഇതിൽ ഒമ്പത് സീറ്റുകൾ വിജയിക്കുകയും ചെയ്തു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ. സഖ്യത്തിൽ കോൺഗ്രസും മുസ്‌ലിം ലീഗും മറ്റ് ചില ചെറിയ പാർട്ടികളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പായതോടെ ഇടതുപക്ഷ കക്ഷികൾ അടക്കമുള്ളവർ ഡി.എം.കെ.യുമായി ഒന്നിക്കുകയും സഖ്യകക്ഷികളുടെ എണ്ണം വർധിക്കുകയുമായിരുന്നു. വൈകോയുടെ എം.ഡി.എം.കെ., ദളിത് പാർട്ടിയായ വി.സി.കെ. തുടങ്ങിയവരും അടങ്ങുന്ന സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിലും തുടരാനാണ് ധാരണ.
വലിയ വിജയത്തിന് സാധ്യതയുണ്ടെന്നും അതിനാൽ പരമാവധി സീറ്റുകളിൽ മത്സരിക്കണമെന്നുമാണ് ഡി.എം.കെ.ക്കു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണതന്ത്രങ്ങൾ നിർദേശിച്ച പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി സ്റ്റാലിന് നൽകിയിരിക്കുന്ന ഉപദേശം. ഇതിനൊപ്പം സഖ്യകക്ഷികളുടെ എണ്ണവും കൂടിയതിനാൽ കോൺഗ്രസിന് കഴിഞ്ഞ തവണത്തെ അത്ര സീറ്റുകൾ ലഭിക്കില്ലെന്ന് വ്യക്തമാണ്.
സീറ്റ് കുറയുന്നതിൽ സംസ്ഥാന നേതാക്കൾക്ക് അമർഷമുണ്ടായിരുന്നു. എന്നാൽ, ബിഹാറിലെ കൂടി പരാജയത്തിന്റെ പശ്ചാത്തലത്തിൽ സീറ്റിനുവേണ്ടി ഡി.എം.കെ.യുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തേണ്ടെന്ന് പാർട്ടി ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതേ സമയം സംസ്ഥാനത്ത് ഡി.എം.കെ. സഖ്യത്തിന്റെ വിജയത്തിന് കോൺഗ്രസിന്റെ വലിയ പങ്കുണ്ടായിരിക്കുമെന്ന് ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. 100 സീറ്റുകളിൽ ഡി.എം.കെ. സഖ്യത്തിന്റെ വിജയത്തിൽ കോൺഗ്രസ് നിർണായകമാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ഒറ്റയ്ക്ക് മത്സരിച്ച 2014-ൽ കോൺഗ്രസ് തമിഴ്‌നാട്ടിൽനിന്ന് നേടിയത് നാലര ശതമാനത്തോളം വോട്ടായിരുന്നു.