ന്യൂഡൽഹി: സി.ബി.എസ്.ഇ. 12-ാം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാലിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗത്തിൽ ഈ വിഷയം പ്രത്യേകമായി ചർച്ച ചെയ്തില്ല.

പരീക്ഷ റദ്ദാക്കാൻ ഒരുവശത്ത് സമ്മർദം ശക്തമായിരിക്കുന്നതിനിടെയാണ് യോഗം ചേർന്നത്. ഈ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയിൽ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്. പരീക്ഷ റദ്ദാക്കണമെന്ന് രക്ഷിതാക്കളുടെ സംഘടനയുടെ ഐക്യവേദി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.

കോവിഡ് സ്ഥിതിഗതികളുടെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനം, വിദ്യാഭ്യാസനയം നടപ്പാക്കൽ തുടങ്ങിയ വിഷയങ്ങളാണ് തിങ്കളാഴ്ച ചർച്ച ചെയ്തത്. പരീക്ഷ റദ്ദാക്കുന്നകാര്യത്തിൽ അടുത്തയാഴ്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന.