ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ വൈ.എസ്.ആർ. കോൺഗ്രസ് എം.പി. കെ. രഘുരാമകൃഷ്ണ രാജുവിനെ തെലങ്കാന സെക്കന്ദരാബാദിലെ സൈനികാശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാൻ സുപ്രീംകോടതി നിർദേശിച്ചു. മണിക്കൂറുകളോളം പോലീസ് ചോദ്യംചെയ്ത എം.പി.യെ ഇനിയൊരുത്തരവുണ്ടാകുംവരെ ആശുപത്രിയിൽ തുടരാൻ അനുവദിക്കണമെന്നും ജസ്റ്റിസ് വിനീത് ശരൺ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

വൈ.എസ്.ആർ. കോൺഗ്രസ് അധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ ജഗൻമോഹൻ റെഡ്ഡിയുടെ നിരന്തര വിമർശകനായ അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത.് ആന്ധ്രാപ്രദേശ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരേ രാജു സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമിക്കുന്ന ജുഡീഷ്യൽ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽവേണം വൈദ്യ പരിശോധന. അത് വീഡിയോയിൽ ചിത്രീകരിക്കണം. റിപ്പോർട്ട് മുദ്രവെച്ച കവറിൽ സുപ്രീംകോടതിയെ ഏൽപ്പിക്കണം. എം.പി.ക്ക് നേരത്തേ ഡൽഹി ഹൈക്കോടതി നിർദേശിച്ചപ്രകാരം വൈ- കാറ്റഗറി സുരക്ഷയും നൽകണം. രാജുവിനെ സ്വകാര്യ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് മകൻ കെ. ഭരത് നൽകിയ ഹർജിയാണ് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചത്.